ഭസ്മം

 

നെറ്റിയിൽ ധരിച്ചിരിക്കുന്ന ഭസ്മക്കുറി

ശുദ്ധമായ ചാരത്തിനെയാണ് ഭസ്മം എന്നു പറയുന്നത്. ഭസ്മം ധരിക്കുക എന്നത് ദൈനംദിന ആചാരപരമായ ആരാധനയുടെ ഒരു പ്രധാന ഭാഗമാണ്. ശൈവ സമ്പ്രദായമനുസരിച്ച് ആത്മീയ പരിശീലനത്തിന്‍റെ ഒരു പ്രധാന ഘടകമാണിത്. ഭസ്മം ധരിക്കാതെ ശിവന്‍റെ ഉപാസന ആരംഭിക്കാൻ പാടില്ല.

ഭസ്മത്തിന്‍റെ നിർവ്വചനം

ഏതെങ്കിലും ഒരു വസ്തു കത്തിച്ചതിന് ശേഷം അവശേഷിക്കുന്നതിനെ ഭസ്മം എന്ന് പറയുന്നത് തെറ്റായ ഒരു കാര്യമാണ്. യഥാർഥത്തിൽ, സമിധ (യാഗത്തിൽ സമർപ്പിക്കുന്ന വിറക്), നെയ്യ് എന്നിവ യാഗാഗ്നിയിൽ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന അവശിഷ്ടങ്ങളെയാണ് ഭസ്മം എന്നു പറയുന്നത്. ആചാരപരമായ ആരാധനയുടെ ഭാഗമായി ചിലർ വിഗ്രഹത്തെ ഭസ്മം കൊണ്ട് കുളിപ്പിക്കുന്നു. അപ്പോൾ ആ ദേവന്‍റെ വിഗ്രഹവുമായുള്ള സമ്പർക്കം മൂലം വിശുദ്ധമായി മാറിയ ചാരം പിന്നീട് ഭസ്മമായി ഉപയോഗിക്കുന്നു.

ഭസ്മത്തിന്‍റെ അർത്ഥവും പ്രാധാന്യവും

ഭസ്മ എന്ന വാക്കിലെ ‘ഭ’ എന്നാൽ ഉന്മൂലനം എന്നും ‘സ്മ’ എന്നാൽ സ്മരണ എന്നും അർത്ഥം.

ഭസ്മം ദോഷങ്ങളെ ഇല്ലാതാക്കുന്നു, ഈശ്വര സ്മരണ ഉളവാക്കുന്നു.

ഭസ്മക്കുറി തൊടുന്നത്‌ നമ്മിലെ ഈശ്വരാംശത്തെ പ്രചോദിപ്പിക്കാനാണ്‌, ദുഷ്ടശക്തികളെ അകറ്റി നിര്‍ത്താനാണ്. പുരാതനകാലം മുതലേ, രാവിലെ കുളി കഴിഞ്ഞ് നെറ്റിയില്‍ ഭസ്മക്കുറി ഇടുന്ന ശീലം ഭാരതീയര്‍ക്ക് തനതായതാണ്.

ഭസ്മം എന്ന വാക്കിന് പര്യായങ്ങൾ

വിഭൂതി, രക്ഷ.

എങ്ങനെയാണ് ഭസ്മം ധരിക്കേണ്ടത്?

ഭസ്‌മം തൊടുന്നതിന്‍റെ പിന്നില്‍ ബൃഹത്തായ ആശയങ്ങളുണ്ട്. പ്രധാനമായും ഊര്‍ജ്ജത്തെ സംഭരിച്ച് ഗ്രഹണ ശക്തി കൂട്ടാനും ഊര്‍ജ്ജത്തെ നിയന്ത്രിച്ചു ദിശാബോധം നല്‍കാനുമുള്ള കഴിവ്‌ ഭസ്‌മത്തിനുണ്ട്. അതു കൂടാതെ, ഭസ്മക്കുറി ഇടുന്നതിന് പ്രതീകാത്മകമായ ഒരു പ്രാധാന്യവുമുണ്ട്.

1. മന്ത്രജപത്തോടൊപ്പം ഭസ്മം ധരിക്കുക

ശ്രീ ഗുരുചരിത്രം, അദ്ധ്യായം 29-ൽ പറയുന്നത് സദ്യോജാതം മുതലായ മന്ത്രങ്ങൾ ജപിക്കുമ്പോൾ ഭസ്മം കൈപ്പത്തിയിൽ വയ്ക്കണം. അഗ്നിരിതി മുതലായ മന്ത്രങ്ങളാൽ അത് പവിത്രമാക്കണം.

മാനസ്‌തോകേ മുതലായ മന്ത്രങ്ങൾ ഉരുവിട്ട് തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിൽ തടവണം. ത്ര്യംബകം മുതലായ മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് നെറ്റിയിൽ പുരട്ടണം.

ത്ര്യായുഷ മന്ത്രം ജപിച്ച്, അത് നെറ്റിയിലും കൈകളിലും പുരട്ടണം. അങ്ങനെ, ഈ മന്ത്രങ്ങളുടെ ജപം ചെയ്തുകൊണ്ട് ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഭസ്മം പുരട്ടണം.

2. ഭക്തിഭാവത്തോടെ ഭസ്മം ധരിക്കുക

മന്ത്രങ്ങൾ അറിയാത്തവർ അത് ശുദ്ധമായ ഈശ്വരഭക്തിയോടെ ധരിക്കുക. ഭക്തിഭാവത്തോടെ ധരിക്കുന്നതുകൊണ്ടുള്ള ഗുണം വളരെ കൂടുതലാണ്. – ശ്രീ ഗുരുചരിത്രം, അധ്യായം 29, വരി 204

3. ഋഗ്വേദ ബ്രഹ്മകർമ്മ പ്രകാരം

ഭസ്മം ധരിക്കുന്ന ചടങ്ങ് ഋഗ്വേദ ബ്രഹ്മകർമ്മത്തിൽ ഉപദേശിച്ചിരിക്കുന്നു. അതിന്‍റെ സംഗ്രഹം ഇവിടെ നൽകുന്നു. ആചമനം (മൂന്ന് പ്രാവശ്യം കൈയ്യിൽ ജലം എടുത്ത് ശ്രീവിഷ്ണുവിന്‍റെ ഇരുപത്തിനാല് നാമങ്ങളിൽ ആദ്യത്തെ മൂന്നെണ്ണം ഉച്ചരിച്ചുകൊണ്ട് അത് കുടിക്കുക, നാലാമത്തെ നാമം ഉച്ചരിക്കുമ്പോൾ കൈപ്പത്തിയിൽ നിന്ന് ഒരു തളികയിലേക്ക് വെള്ളം ഒഴിക്കുകയും ചെയ്യുക) ചെയ്യുക. പ്രാണായാമം ചെയ്യുക. ഇടതു കൈപ്പത്തിയിൽ കുറച്ച് ഭസ്മം എടുക്കുക. ഓം മാനസ്തോക്കെ (ॐ मानस्तोके) എന്ന മന്ത്രം ചൊല്ലി ഭസ്മത്തിൽ വെള്ളം ചേർക്കുക. ഓം ഈശാനഃ (ॐ ईशानः) എന്ന മന്ത്രം ചൊല്ലി തലയിൽ പുരട്ടുക, ഓം തത്പുരുഷായ (ॐ तत्पुरुषाय) എന്ന മന്ത്രം ചൊല്ലി മുഖത്ത് പുരട്ടുക. ഓം അഘോരേഭ്യോ (ॐ अघोरेभ्यो) എന്ന മന്ത്രം ചൊല്ലി ഹൃദയത്തിൽ പുരട്ടുക. ഓം വാമദേവായ (ॐ वामदेवाय) എന്ന മന്ത്രം ചൊല്ലി ജനനേന്ദ്രിയത്തിൽ പുരട്ടി, ഓം സദ്യോജാത (ॐ सद्योजात) മന്ത്രം ചൊല്ലി കാലുകളിൽ പുരട്ടുക.

ത്രിപുണ്ഡ്ര

ത്രിപുണ്ഡ്ര എന്നാൽ ഭസ്മത്തിന്‍റെ 3 തിരശ്ചീന വരകൾ എന്നാണ് അർത്ഥമാക്കുന്നത്.

1. ഋഗ്വേദത്തിലെ ബ്രഹ്മകർമ്മം
എന്ന ഭാഗം അനുസരിച്ച് ഭസ്മം ധരിക്കുന്ന രീതി

വലതു കൈകൊണ്ട് ഇടതു കൈപ്പത്തിയിലെ ഭസ്മം സ്പർശിച്ച് ഓം അഗ്നിരിതി ഭസ്മം, വായുരിതി ഭസ്മം തുടങ്ങിയ 7 മന്ത്രങ്ങൾ ഉരുവിട്ട് ഉത്തേജിപ്പിച്ച്, നെറ്റിയിൽ തിരശ്ചീനമായി പുരട്ടുക. അതിനുശേഷം, ചൂണ്ടുവിരൽ, നടുവിരൽ, മോതിര വിരൽ ഇവകൊണ്ട് മുഖം, ഹൃദയം, കണ്ഠം, നാഭി, വലത്, ഇടത് കൈത്തണ്ട്‌, വയറിന്‍റെ ഇരുവശങ്ങൾ, ജനനേന്ദ്രിയം, കാലുകൾ എന്നിവിടങ്ങളിൽ പുരട്ടുക. ദേഹമാസകലം ഭസ്മം പുരട്ടിയ ശേഷം ശിവനാമം മൂന്നു പ്രാവശ്യം ജപിക്കുക.

ത്രിപുണ്ഡ്ര പുരികത്തിന്‍റെ ആകൃതിയിലായിരിക്കണം. പലപ്പോഴും ഈ മൂന്ന് വരകളുടെ മധ്യത്തിൽ ഭസ്മത്തിന്‍റെ ഒരു ബിന്ദുവും തൊടുന്നു.

2. മൂന്ന് വരകളുടെ അർത്ഥം

A. ശിവന്‍റെ മൂന്ന് കണ്ണുകൾ

B. ത്രിപുണ്ഡ്ര എന്നാൽ ജ്ഞാനം, ഭക്തി, വിരക്തി (നിസ്സംഗത്വം) എന്നിവയാണ്.

C. വാസുദേവോപനിഷത്ത് അനുസരിച്ച്, ത്രിപുണ്ഡ്ര ത്രിമൂർത്തികളെയും മൂന്ന് വ്യാഹ്യാതികളെയും (സന്ധ്യാ ചടങ്ങിനിടെ ഉച്ചരിക്കുന്ന മൂന്ന് യോഗാത്മകദര്‍ശനപരമായ വാക്കുകൾ) മൂന്ന് ശ്ലോകങ്ങളെയും പ്രതിനിധീകരിക്കുന്നു.

ഭസ്മത്തിന്‍റെ മറ്റ് ഉപയോഗങ്ങൾ

1. ബ്രഹ്മവിദ്യ നേടുന്നതിന് ഭസ്മം ഉപയോഗപ്രദമാണെന്ന് ജാബാലശ്രുതിയിൽ പറയുന്നു.

2. ഭസ്മത്തിന്‍റെ പര്യായമാണ് വിഭൂതി. വിഭൂതി എന്ന വാക്ക് മന്ത്ര-തന്ത്രത്തിന്‍റെ അല്ലെങ്കിൽ സ്വയം സംരക്ഷണത്തിനോ, ദിശകളെ സംരക്ഷിക്കുന്നതിനോ വേണ്ടിയുള്ള ആഭിചാരപ്രയോഗ സന്ദർഭത്തിലും ഉപയോഗിക്കുന്നു.

3. രോഗികളുടെയും കുട്ടികളുടെയും നെറ്റിയിൽ വിഭൂതി പുരട്ടുന്നു.

4. ഇരുമ്പ്, സ്വർണ്ണം, മുത്ത്, വജ്രം മുതലായ വിവിധ പദാർത്ഥങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഭസ്മം ആയുർവേദത്തിൽ ഔഷധമായി ഉപയോഗിക്കുന്നു. ഇത് വളരെ ഫലപ്രദമാണ്.

5. വിഭൂതി അനിഷ്ട ശക്തികൾ മൂലമുള്ള ദുരിതത്തിൽ നിന്ന് സംരക്ഷണം നൽകുന്നതിനാൽ, അത് ദോഷമുള്ള വാസ്തുവിൽ ഊതുകയും അത്തരം ദുരിതം അനുഭവിക്കുന്ന വ്യക്തിക്ക് പുരട്ടാനായി കൊടുക്കുകയും ചെയ്യുന്നു.

ഭസ്മം ബ്രഹ്മത്തെപ്പോലെ ശാശ്വതമാണ്

സൃഷ്ടിയിൽ മൂർത്തവും അദൃശ്യവുമായ അസംഖ്യം വസ്തുക്കളുണ്ട്. അവയെല്ലാം നശിച്ചാലും ബ്രഹ്മം ശാശ്വതമാണ്. ബ്രഹ്മം അനശ്വരമായതിനാൽ അതിനെ ഒരിക്കലും നശിപ്പിക്കാൻ കഴിയില്ല. അതുപോലെ ചാരവും കത്തിച്ചാലും നശിക്കില്ല.

ഭസ്മം നമ്മെ എന്താണ് പഠിപ്പിക്കുന്നത്?

1. നിങ്ങൾ സ്വയം ത്യാഗം ചെയ്ത് ഭസ്മമായിത്തീരുകയാണെങ്കിൽ, നിങ്ങളുടെ ലൗകിക ലക്ഷ്യങ്ങൾ, വ്യക്തിത്വ വൈകല്യങ്ങൾ, അറിവില്ലായ്മ, അഹംഭാവം എന്നിവ നിങ്ങൾ ബലിയർപ്പിച്ച് മനസ്സിന്‍റെ ശുദ്ധി നേടും.

2. മനുഷ്യശരീരത്തിന് പരിമിതമായ ആയുസ്സ് ഉള്ളതിനാൽ, അത് മരണശേഷം ചാരമായി മാറുന്നു. അതിനാൽ, ശരീരത്തോടുള്ള ആസക്തി കുറയ്ക്കണം. ഭസ്മം ഇതിനെ സൂചിപ്പിക്കുന്നു. മരണം എപ്പോൾ വേണമെങ്കിലും വരാം എന്ന വസ്തുത നിങ്ങൾ എപ്പോഴും അറിഞ്ഞിരിക്കണം. അതിനാൽ, കഠിന പ്രയത്നത്തിന് ശേഷം നിങ്ങൾക്ക് ലഭിച്ച മനുഷ്യ ജന്മം നിങ്ങൾ പൂർണ്ണമായി ഉപയോഗിക്കണം. ഇതിനായി, ഓരോ നിമിഷവും ദിവ്യവും ആനന്ദപരവുമാക്കാൻ നാം സ്വയം പരിശ്രമിക്കണം.

3. ഭസ്മം നമ്മെ വിരക്തി പഠിപ്പിക്കുന്നു.

സന്ദർഭം : സനാതൻ സംസ്ഥയുടെ ‘ശിവൻ’ എന്ന ഗ്രന്ഥം.