‘ആറന്മുള കണ്ണാടി’ ദേവതയുടെ തിരുമുഖ ദർശനത്തിനായുള്ള വിശേഷപ്പെട്ട കണ്ണാടി !

കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ദേവതകളെ ആരാധിക്കുന്നതിനായി കണ്ണാടി ഉപയോഗിക്കുന്നു, കണ്ണാടികളിൽ നിന്നും പ്രതിഫലിക്കുന്ന സൂര്യ കിരണങ്ങൾ ദേവതയുടെ മുഖത്ത് പതിക്കുന്നു (സൂര്യകിരണങ്ങളിൽ ദേവതയുടെ മുഖം തെളിഞ്ഞു കാണുന്നു.) ഈയൊരു ആവശ്യത്തിനായി വളരെ സവിശേഷതയുള്ള ഒരു ലോഹക്കൂട്ടാണ് കണ്ണാടിയായി ഉപയോഗിക്കുന്നത്. ഇത്തരം കണ്ണാടി ആറന്മുള കണ്ണാടി എന്ന് അറിയപ്പെടുന്നു. ഈ കണ്ണാടി അഷ്ടമംഗല്യങ്ങളിൽ ഒന്നാണ്. ശുഭാവസരങ്ങളിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ പെട്ടതാണ് അഷ്ടമംഗല്യങ്ങൾ. ഈ കണ്ണാടി ഭാഗ്യവും സമൃദ്ധിയും തരുമെന്ന് വിശ്വസിച്ചു വരുന്നു. ഇത് പ്രാചീന ഭാരതത്തിൽ നിലനിന്നിരുന്ന ലോഹ സാങ്കേതിക വിദ്യയുടെ മികവിനെ കാണിക്കുന്നു. ഈ ലോഹ കൂട്ടിന്‍റെ അനുപാതവും അതിന്‍റെ നിർമ്മാണ വിദ്യയും പുരാതനകാലം തൊട്ടുതന്നെ വളരെ രഹസ്യമായിട്ടാണ് വച്ചിരിക്കുന്നത്.

ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ലഭിക്കുന്നതിന് വേണ്ടി 2019 മാർച്ച് 21ന് മഹർഷി അദ്ധ്യാത്മ വിശ്വവിദ്യാലയത്തിലെ സാധകർ ഇത് നിർമ്മിക്കുന്ന പത്തനംതിട്ട ജില്ലയിലെ ആറന്മുള പഞ്ചായത്തിൽ പോയിരുന്നു. അവർ അവിടെ കണ്ണാടി നിർമ്മിക്കുകയും വിപണനവും ചെയ്യുന്ന ശ്രീകൃഷ്ണ ഹാൻഡി ക്രാഫ്റ്റ് സെൻറർ സന്ദർശിച്ചു . തലമുറകളായി ഈ വ്യവസായം ചെയ്തുവരുന്ന ശ്രീ. കെ. പി. അശോകൻ ആണ് അതിന്‍റെ ഉടമസ്ഥൻ. ഇത്തരത്തിൽപ്പെട്ട കണ്ണാടികൾ ഉണ്ടാക്കുന്ന സംഘടനയായ വിശ്വബ്രാഹ്മണ മെറ്റൽ മിറർ മാനു ഫാക്ചറിങ്ങ് സൊസൈറ്റിയുടെ സജീവ പ്രവർത്തകനാണ് അദ്ദേഹം. അദ്ദേഹം നമുക്ക് ഈ വിശേഷപ്പെട്ട കണ്ണാടിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട വളരെയധികം പ്രയോജനകരമായ വിവരങ്ങൾ നൽകി.

1. എന്താണ് ‘ആറന്മുള കണ്ണാടി’?

ശംഖാകൃതിയിലുള്ള ആറന്മുള കണ്ണാടി

ആറന്മുള ഗ്രാമത്തിൽ നിർമ്മിച്ച ലോഹക്കണ്ണാടിക്ക് ആറന്മുള കണ്ണാടി എന്ന പേര് ലഭിച്ചു. കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പമ്പാ നദിയുടെ തീരത്താണ് ആറന്മുള സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണന്‍റെ പ്രസിദ്ധമായ പാർത്ഥസാരഥി ക്ഷേത്രം ഈ ഗ്രാമത്തിലാണ് സ്ഥിതി ചെയ്യുന്നത്. ആറന്മുള കണ്ണാടി എന്ന സവിശേഷതയുള്ള കണ്ണാടി ക്ഷേത്രത്തിനു ചുറ്റുമുള്ള പല കടകളിലും കാണാം. ഈ കണ്ണാടികളുടെ പ്രതിഫലനഭാഗം നിർമ്മിച്ചിരിക്കുന്നത്, ചെമ്പും ടിന്നും ഒരു പ്രത്യേക അനുപാതത്തിൽ മിശ്രണം ചെയ്ത ശേഷം പ്രത്യേക പ്രക്രിയ പ്രയോഗിച്ചാണ്, അതേസമയം ഈ കണ്ണാടിയുടെ ഫ്രെയിം പിച്ചള കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ കണ്ണാടികളുടെ സവിശേഷത എന്തെന്നാൽ, ഒരു വസ്തു കണ്ണാടിയിൽ അധിഷ്ഠിതമായാൽ, കണ്ണാടിയിലെ വസ്തുവും അതിന്‍റെ പ്രതിഫലനവും പരസ്പരം വളരെ അടുത്തായി കാണപ്പെടുന്നു (അവയ്ക്കിടയിൽ വിടവില്ല). കാരണം, ഈ കണ്ണാടിയിലെ വസ്തുവിന്‍റെ പ്രതിബിംബം കണ്ണാടിയുടെ ഉപരിതലത്തിൽനിന്നു തന്നെ തിരിയുന്നു. സാധാരണ കണ്ണാടികളിൽ ചില്ലിന്‍റെ പിൻഭാഗത്ത് രാസവസ്തുക്കൾ പൂശുന്നു. കെമിക്കൽ കോട്ടിംഗിൽ പ്രതിഫലനം ദൃശ്യമാകുന്നു. അതിനാൽ, ഒരു വസ്തു ഒരു സാധാരണ കണ്ണാടിക്ക് നേരെ സ്ഥാപിച്ചാൽ, ആ വസ്തുവും അതിന്‍റെ പ്രതിഫലനവും തമ്മിലുള്ള ദൂരം കണ്ണാടിയുടെ ഗ്ലാസിന്‍റെ കനത്തിന് തുല്യമാണ്. ആറന്മുള കണ്ണാടിയിൽ ഈ പോരായ്മയില്ല. ഇതാണ് ഈ കണ്ണാടിയുടെ പ്രത്യേകത.

2. ആറന്മുള കണ്ണാടിയുടെ ചരിത്രം

ഹിന്ദുക്കൾക്ക് ദൈവത്തിന് ഏറ്റവും നല്ല വസ്തുക്കൾ ഉപയോഗിക്കുന്ന ഒരു പാരമ്പര്യമുണ്ട്. ദേവാരാധനയിൽ കണ്ണാടി കാണിക്കുന്ന ചടങ്ങിൽ ഉപയോഗിക്കുന്ന കണ്ണാടി മികച്ചതായിരിക്കണമെന്ന ഭക്തരുടെ തീവ്രമായ ആഗ്രഹത്താലും ദൈവാനുഗ്രഹത്താലും സൃഷ്ടിക്കപ്പെട്ടതാണ് ആറന്മുള കണ്ണാടി. ഈ കണ്ണാടികൾ നിർമ്മിക്കുന്ന ഒരു ഫാക്ടറിയുടെ ഉടമസ്ഥനായ ശ്രീ കെ. പി. അശോകൻ ഈ കണ്ണാടികളുടെ സൃഷ്ടിയുടെ ചരിത്രം ഇങ്ങനെ പറഞ്ഞു.

അദ്ദേഹത്തിന്‍റെ പൂർവ്വികർ ശ്രീകൃഷ്ണ ക്ഷേത്രമായ ‘പാർത്ഥസാരഥി’യുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി ജന്മഗ്രാമം വിട്ട് ആറന്മുളയിൽ താമസമാക്കി. അദ്ദേഹത്തിന്‍റെ പൂർവ്വികരിലൊരാൾക്ക് സ്വപ്നത്തിൽ ലോഹ കണ്ണാടി നിർമ്മിക്കാനുള്ള അറിവ് ലഭിച്ചു. അതനുസരിച്ച്, അദ്ദേഹം ഒരു കണ്ണാടി നിർമ്മിക്കാൻ ശ്രമിച്ചു, അതിനുശേഷം ലോഹ കണ്ണാടികൾ നിർമ്മിക്കാൻ തുടങ്ങി. ഈ കണ്ണാടികൾ നിലവിൽ വിവിധ രൂപങ്ങളിൽ ലഭ്യമാണെങ്കിലും, അവയുടെ പരമ്പരാഗത രൂപങ്ങളായ ശംഖ്, പത്മങ്ങൾ മുതലായവ അവയുടെ നീളവും വീതിയും നിശ്ചയിച്ചിരിക്കുന്നു.

3. ആറന്മുള കണ്ണാടി ഉണ്ടാക്കുന്ന പ്രക്രിയ

ആറന്മുള കണ്ണാടി ഉണ്ടാക്കുന്നതിന്‍റെ പ്രക്രിയ ഇപ്രകാരമാണ്.

3A. രേഖാചിത്രം തയ്യാറാക്കുക

ആറന്മുള കണ്ണാടിയിൽ രണ്ട് ഭാഗങ്ങളാണുള്ളത്, ലോഹഭാഗം (കണ്ണാടി), പിച്ചള ചട്ടക്കൂട്. ഈ രണ്ട് ഭാഗങ്ങളും കടലാസിൽ വരച്ചിരിക്കുന്നു.

കളിമണ്ണ്, ചാണകം മുതലായവയിൽ നിന്ന് കണ്ണാടിക്ക് അച്ച് തയ്യാറാക്കുന്ന പ്രക്രിയ.

3B. രേഖാചിത്രം അനുസരിച്ച് അച്ച് ഉണ്ടാക്കുന്നു

രേഖാചിത്രം പ്രകാരം കളിമണ്ണ്, ചാണകം, അറക്കപ്പൊടി, കാത, കോട്ടൺ തുണി തുടങ്ങിയവ ഉപയോഗിച്ചാണ് കണ്ണാടികൾ നിർമ്മിക്കുന്നത്. (ഫോട്ടോ 1)

ചെമ്പും ടിന്നും കലർന്ന മിശ്രിതം അച്ചിൽ ഒഴിച്ച് ഉണ്ടാക്കിയ ലോഹ വൃത്തം

 

3C. ഉരുകിയ ലോഹ മിശ്രിതം അച്ചിലേക്ക്
ഒഴിച്ച് കണ്ണാടിയും അതിന്‍റെ ഫ്രെയിമും ഉണ്ടാക്കുന്നു

ചെമ്പിന്‍റെയും ടിന്നിന്‍റെയും ഉരുകിയ മിശ്രിതം ഉചിതമായ അനുപാതത്തിൽ കലർത്തി കണ്ണാടിയുടെ പ്രതിഫലന ഭാഗമാക്കാൻ അച്ചിൽ ഒഴിക്കുന്നു, അതേസമയം കണ്ണാടിയുടെ ഫ്രെയിം നിർമ്മിക്കുന്നതിനായി ഉരുകിയ പിച്ചള അച്ചിലേക്ക് ഒഴിക്കുന്നു. മിശ്രിതം തണുക്കുമ്പോൾ, ചുറ്റളവിൽ നിന്നുള്ള മണ്ണ് നീക്കം ചെയ്യുകയും മെറ്റൽ ഭാഗം വൃത്തിയാക്കുകയും ചെയ്യുന്നു. (ഫോട്ടോ 2)

3D. കണ്ണാടിക്കും ഫ്രെയിമിനും ഫിനിഷിംഗ് നൽകുന്നു

പ്രാരംഭ രൂപത്തിലുള്ള കണ്ണാടിയെ, പ്രതിഫലനം അതിൽ വ്യക്തമായി കാണുന്നതു വരെ, പോളിഷ് പേപ്പർ ഉപയോഗിച്ച് ഏതാനും മണിക്കൂറുകൾ ഉരയ്ക്കുന്നു. ഈ ഘട്ടത്തിൽ വളരെയധികം പരിശ്രമം ആവശ്യമാണ്.

‘ആറന്മുള കണ്ണാടി’യിൽ ഒരു വസ്തു വെച്ചാൽ കണ്ണാടിയിലെ വസ്തുവും അതിന്‍റെ പ്രതിബിംബവും വിടവില്ലാതെ അടുത്തടുത്തായി കാണാം!

3E. പിച്ചള ഫ്രെയിമിൽ ലോഹ കണ്ണാടി ഉറപ്പിക്കുന്നു

വൃത്താകൃതിയിലോ ദീര്‍ഘവൃത്താകൃതിയിലോ ലോഹം കൊണ്ട് നിർമ്മിച്ച കണ്ണാടി, ലാക്വർ, മെഴുക് മുതലായവ ഉപയോഗിച്ച് ഫ്രെയിമിൽ ഉറപ്പിക്കുന്നു. അങ്ങനെയാണ് ‘ആറന്മുള കണ്ണാടി’ രൂപപ്പെടുന്നത്.

– കുമാരി. പ്രിയങ്ക വിജയ് ലോട്ട്‌ലിക്കറും ശ്രീ. രൂപേഷ് ലക്ഷ്മൺ റെഡ്കർ, മഹർഷി അധ്യാത്മ വിശ്വവിദ്യാലയ, ഗോവ. (19.10.2019)

 

അന്വേഷകരോടും വായനക്കാരോടും
അഭ്യുദയകാംക്ഷികളോടും ഒരു എളിയ അപേക്ഷ!

‘ഭാരതം വൈവിധ്യമുള്ള രാജ്യമാണ്. ഈ രാജ്യത്തിൽ നിരവധി കലകളും കരകൗശലങ്ങളും കലാകാരന്മാരുമുണ്ട്. താങ്ങൾക്ക് അവരെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ, ദയവായി ഞങ്ങളെ അറിയിക്കുക. കൂടാതെ, താങ്ങളുടെ കൈവശം എന്തെങ്കിലും അമൂല്യ കലാസൃഷ്ടികൾ ഉണ്ടെങ്കിൽ (ഉദാ. ‘മ്യൂറൽ’ പെയിന്റിംഗുകൾ, താളിയോല കൈയെഴുത്തുപ്രതികൾ മുതലായവ) അത് ഗവേഷണത്തിനും ശേഖരണത്തിനുമായി സംഭാവന ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ദയവായി ഞങ്ങളെ അറിയിക്കുക.’

E-mail : [email protected]