സത്സംഗം 12 : A-1 സ്വയം പ്രത്യായനം

കഴിഞ്ഞ സത്സംഗത്തിൽ നാം തെറ്റുകളെക്കുറിച്ച് എങ്ങനെ നിരീക്ഷണം ചെയ്യുകയും പട്ടികയിൽ എഴുതുന്ന രീതിയും മനസ്സിലാക്കി. ഈ സത്സംഗത്തിൽ നമുക്ക് നമ്മുടെ തെറ്റുകൾ ഇല്ലാതാക്കുന്നതിനായി സ്വയം നിർദേശം എങ്ങനെ തയ്യാറാക്കണം എന്നത് മനസ്സിലാക്കാം.

A. സ്വയം നിർദേശം (സ്വയം പ്രത്യായനം) എന്നു വച്ചാൽ എന്താണ് ?

നമ്മളെക്കൊണ്ടാകുന്ന അനുചിതമായ പ്രവർത്തി, മനസ്സിൽ വരുന്ന അനുചിതമായ ചിന്തകൾ, മനസ്സിൽ വരുന്ന അനുചിതമായ പ്രതികരണം എന്നിവയെക്കുറിച്ച് നമ്മുടെ ആന്തരീക മനസ്സിനെ ബോധ്യപ്പെടുത്തുന്ന നിർദേശങ്ങളെയാണ് സ്വയം നിർദേശം അല്ലെങ്കിൽ സ്വയം പ്രത്യായനം എന്നു പറയുന്നത്. സ്വയം നിർദേശത്തിൽ നാം മൂന്നു കാര്യങ്ങളെക്കുറിച്ചാണ് ശദ്ധ്രിക്കേണ്ടത്.

1) അനുചിതമായ പ്രവർത്തി,

2) ശരിയായ കാഴ്ചപ്പാട്,

3) ഉചിതമായ പ്രവർത്തി (പരിഹാരം)

ഇപ്രകാരം സ്വയം പ്രത്യായനം നൽകുമ്പോൾ മനസ്സിന് ശരിയായ കാഴ്ചപ്പാടും ദിശയും ലഭിച്ച് തെറ്റായ പ്രവർത്തിയും ചിന്തകളും പ്രതികരണവും തിരുത്താൻ കഴിയും.

B. സ്വയം നിർദേശം (സ്വയം പ്രത്യായനം) തയ്യാറാക്കുന്ന വ്യത്യസ്ത രീതികൾ

തെറ്റുകളും സംഭവങ്ങളും അനുസരിച്ച് വിവിധ രീതികളിൽ സ്വയം പ്രത്യായനം തയ്യാറാക്കാം. ഉദാ. നമ്മളെക്കൊണ്ട് പ്രവർത്തിയിൽ പറ്റുന്ന തെറ്റുകൾ തിരുത്തുന്നതിനായി A-1 രീതിപ്രകാരം സ്വയം പ്രത്യായനം തയ്യാറാക്കുക. വേറെ ആരുടെയെങ്കിലും പെരുമാറ്റം കാരണം മനസ്സിൽ വരുന്ന അനുചിതമായ പ്രതികരണത്തെ തിരുത്താൻ A-2 രീതിപ്രകാരവും എന്നാൽ ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഭയം തോന്നുകയാണെങ്കിലോ സഭാകമ്പം അല്ലെങ്കിൽ അപകർഷതാബോധം ഉണ്ടെങ്കിലോ A-3 രീതിപ്രകാരവും സ്വയം പ്രത്യായനം നൽകുക. ഏതെങ്കിലും സാഹചര്യം അല്ലെങ്കിൽ മറ്റൊരു വ്യക്തി കാരണമാണ് നമുക്ക് മാനസിക സമ്മർദ്ദം ഉണ്ടാകുന്നതെങ്കിൽ അതിനായി B രീതി ഉപയോഗിക്കുന്നു. ഇതിൽ സാഹചര്യത്തെ അല്ലെങ്കിൽ മറ്റു വ്യക്തിയുടെ സ്വഭാവത്തെ തിരുത്താൻ സാധിക്കുമെങ്കിൽ B-1 രീതിയും എന്നാൽ സ്ഥിതി മാറ്റാൻ സാധിക്കില്ലെങ്കിൽ B-2 രീതിപ്രകാരവും സ്വയം പ്രത്യായനം തയ്യാറാക്കുന്നു. നാമജപത്തിന്‍റെ സംസ്കാരം മനസ്സിൽ ദൃഢമാകുന്നതിനായി C-1 രീതിയും എന്നാൽ സ്വഭാവത്തിൽ മാറ്റം വരുന്നില്ലെങ്കിൽ C-2 രീതിപ്രകാരം തനിക്ക് സഹിക്കാവുന്ന രീതിയിലുള്ള ശിക്ഷ എടുക്കുകയും ചെയ്യുന്നു. ഇങ്ങനെ വിവിധ രീതിയിൽ സ്വയം നിർദേശം കൊടുക്കുന്നു.

ഇനി ഇതിലെ ആദ്യത്തെ രീതി അതായത് ’A-1’ രീതിപ്രകാരം സ്വയം നിർദേശം തയ്യാറാക്കുന്നത് എങ്ങനെ എന്നത് നമുക്ക് മനസ്സിലാക്കാം. ഇനിയുള്ള ഓരോ സത്സംഗത്തിലും ഓരോ രീതി വച്ച് മനസ്സിലാക്കാം.

വഴിയോരങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മൈൽക്കുറ്റികൾ കാരണം എങ്ങോട്ട് തിരിയണം, ഇനി എത്ര ദൂരവും കൂടി യാത്ര ചെയ്യണം എന്നിവ മനസ്സിലാകും. മൈൽക്കുറ്റികൾ നമുക്ക് ദിശാദർശനം ചെയ്യുന്നു. അതുപോലെ തന്നെ പ്രതിസന്ധികളിൽ മനസ്സിന് ശരിയായ ദിശാദർശനം ചെയ്യുന്നത് സ്വയം പ്രത്യായനങ്ങളാണ്. ഒരോ സ്ഥിതിയിലും നാം ഉചിതമായ രീതിയിൽ എങ്ങനെ ചിന്തിക്കണം, എങ്ങനെ പെരുമാറണം എന്നിവ സ്വയം പ്രത്യായനം മുഖേന നമുക്ക് മനസ്സിലാകും.

 

C. ’A-1’ സ്വയം പ്രത്യായന രീതി ഏതെല്ലാം
സ്വഭാവദോഷങ്ങൾക്കായാണ് ഉപയോഗിക്കുന്നത് ?

’A-1’ സ്വയം നിർദേശ രീതി ഉപയോഗിച്ച് നമുക്ക് ഏകാഗ്രതയില്ലായ്മ, ദിവാസ്വപ്നത്തിൽ മുഴുകുക, വെപ്രാളം, അലസത, അടുക്കും ചിട്ടയുമില്ലായ്മ, കൃത്യനിഷ്ഠയില്ലായ്മ, അത്യധികം വിശ്ലേഷണം ചെയ്യുക, മറ്റുള്ളവരുടെ ശദ്ധ്ര തേടുക, സ്വാർഥത, തീരുമാനം എടുക്കാനുള്ള കഴിവില്ലായ്മ, ധാർഷ്ട്യം, പൊങ്ങച്ചം പറയുക, സംശയബുദ്ധി, അതിമോഹം, ഗൌരവമില്ലായ്മ, അഴിമതി, അസാന്മാർഗികത, എന്നിങ്ങനെയുള്ള സ്വഭാവദോഷങ്ങളെ മാറ്റുവാനായി സാധിക്കും. മദ്യപാനം, നഖം കടിക്കുക, വിക്കൽ, എട്ടു വയസ്സിനുമുകളിലുള്ള കുട്ടി കിടക്കയിൽ മൂത്രം ഒഴിക്കുന്നു എന്നിങ്ങനെയുള്ള പ്രശ്നങ്ങളെയും A-1 രീതിപ്രകാരമുള്ള സ്വയം പ്രത്യായനം ഉപയോഗിച്ച് മാറ്റിയെടുക്കാം.

 

D. A-1 സ്വയം പ്രത്യാനത്തിനുള്ള നിയമം

സ്വയം പ്രത്യായനം ശരിയായ രീതിയിൽ തയ്യാറാക്കുന്നതിനായി ഒരു നിയമം (formula) ഉണ്ട്. തദനുസൃതം ഈ നിർദേശം തയ്യാറാക്കിയാൽ അത് ഉചിതമായിരിക്കും. പ്രവർത്തിയിൽ പറ്റുന്ന തെറ്റുകൾക്കായി സ്വയം പ്രത്യായനം തയ്യാറാക്കുമ്പോൾ

’അനുചിതമായ പ്രവർത്തി + ഉചിതമായ കാഴ്ചപ്പാട് അല്ലെങ്കിൽ തെറ്റിന്‍റെ പരിണിതഫലത്തെക്കുറിച്ച് ബോധ്യപ്പെടൽ + ഉചിതമായ പ്രവർത്തി’

എന്ന നിയമം ഓർമ വയ്ക്കുക.

ഈ രീതിപ്രകാരം തയ്യാറാക്കിയ വാക്യം വ്യക്തിക്ക് അനുചിതമായ പ്രവർത്തി, വികാരം, വിചാരം എന്നിവയെക്കുറിച്ച് ബോധ്യമാക്കി തരുകയും അതിനെ നിയന്ത്രിക്കുവാനും സാധിക്കും. ഈ രീതിപ്രകാരമുള്ള സ്വയം പ്രത്യായനം തയ്യാറാക്കേണ്ടത് എങ്ങനെ എന്നത് ഒരു ഉദാഹരണത്തിലൂടെ നമുക്ക് മനസ്സിലാക്കാം.

 

E. സന്ദർഭവും സ്വയം പ്രത്യായനവും

E 1. ഒന്നാം ഉദാഹരണം

’അലമാരയിൽ തുണികൾ അടുക്കി വയ്ക്കാതെ കുത്തി നിറച്ചു വയ്ക്കുന്നു.’, എന്ന ഒരു തെറ്റാണ് നമ്മളെക്കൊണ്ടാകുന്നത് എന്നു കരുതുക. മുകളിൽ പറഞ്ഞതു പ്രകാരം ഈ കാര്യത്തിൽ തെറ്റിന്‍റെ പരിണിതഫലം എന്തായിരിക്കും ? അലമാരയിൽ തുണികൾ കുത്തി നിറച്ചു വച്ചാൽ അത് കാണാൻ മോശമായിരിക്കും, തുണികൾ തപ്പിയെടുക്കാൻ സമയം പാഴായി പോകും, അലമാരയിൽനിന്നും അനിഷ്ട സ്പന്ദനങ്ങൾ വരുകയും അതു കാരണം വാസ്തുവിലെ സ്പന്ദനങ്ങളും മോശമാകും. ഇതിലെ ഉചിതമായ പ്രവർത്തി എന്തായിരിക്കും? തുണികൾ നന്നായി മടക്കി അലമാരയിൽ അടുക്കി വയ്ക്കുക എന്നത്.

ഈ തെറ്റ് നമ്മളുടെ സ്വഭാവദോഷ പട്ടികയിൽ എഴുതിയിട്ടുണ്ടെങ്കിൽ അതിൽ സ്വയം നിർദേശം അല്ലെങ്കിൽ സ്വയം പ്രത്യായനം എന്ന കോളത്തിൽ താഴെ കൊടുക്കുന്ന നാല് സ്വയം പ്രത്യായനങ്ങളിലെ ഏതെങ്കിലും ഒരു സ്വയം പ്രത്യായനം എഴുതുക –

1. എപ്പോഴെല്ലാമാണോ ഞാൻ അലമാരയിൽ തുണികൾ കുത്തി നിറച്ചു വയ്ക്കുന്നത് അപ്പോഴെല്ലാം അത് കാണാൻ വളരെ മോശമായിരിക്കും എന്നെനിക്ക് ബോധ്യമാകുകയും ഞാൻ തുണികൾ അലമാരയിൽ നന്നായി മടക്കി വയ്ക്കുകയും ചെയ്യും.

2. എപ്പോഴെല്ലാമാണോ ഞാൻ അലമാരയിൽ തുണികൾ കുത്തി നിറച്ചു വയ്ക്കുന്നത് അപ്പോഴെല്ലാം ഇങ്ങനെ വച്ചാൽ തുണികൾ തപ്പിയെടുക്കുന്നതിൽ എന്‍റെ സമയം പാഴായി പോകും എന്നെനിക്ക് ബോധ്യമാകുകയും ഞാൻ തുണികൾ അലമാരയിൽ നന്നായി മടക്കി വയ്ക്കുകയും ചെയ്യും.

3. എപ്പോഴെല്ലാമാണോ ഞാൻ അലമാരയിൽ തുണികൾ കുത്തി നിറച്ചു വയ്ക്കുന്നത് അപ്പോഴെല്ലാം ഇങ്ങനെ വച്ചാൽ തുണികൾ വേഗം മോശമായി പോകും എന്നെനിക്ക് ബോധ്യമാകുകയും ഞാൻ തുണികൾ അലമാരയിൽ നന്നായി മടക്കി വയ്ക്കുകയും ചെയ്യും.

4. എപ്പോഴെല്ലാമാണോ ഞാൻ അലമാരയിൽ തുണികൾ കുത്തി നിറച്ചു വയ്ക്കുന്നത് അപ്പോഴെല്ലാം ഇങ്ങനെ വച്ചാൽ അലമാരയിലും വാസ്തുവിലും അനിഷ്ട (നെഗറ്റിവ്) സ്പന്ദനങ്ങൾ (വൈബ്രേഷൻസ്) ഉണ്ടാകും എന്നെനിക്ക് ബോധ്യമാകുകയും ഞാൻ തുണികൾ അലമാരയിൽ നന്നായി മടക്കി വയ്ക്കുകയും ചെയ്യും.

സ്വയം പ്രത്യായനത്തിലെ കാഴ്ചപ്പാട് ഓരോ വ്യക്തിയുടെ ചിന്താഗതി അനുസരിച്ച് വ്യത്യസ്തമായിരിക്കും. നമ്മുടെ മനസ്സിന് ഇഷ്ടപ്പെടുന്നതോ മനസ്സിന് അനുകരിക്കാൻ പറ്റുന്നതോ ആയ കാഴ്ചപ്പാട് നമുക്ക് സ്വയം നിർദേശത്തിൽ ഉൾപ്പെടുത്താം.

E 2. രണ്ടാം ഉദാഹരണം

ചായ കുടിച്ചതിനുശേഷം കപ്പ് കഴുകി സ്ഥലത്ത് വയ്ക്കുന്ന ശീലമില്ല. നാം ചായ കുടിച്ചതിനുശേഷം കപ്പ് അതുപോലെ തന്നെ മേശപ്പുറത്ത് വച്ചിട്ട് പോകുന്നുണ്ടെങ്കിൽ ഈ തെറ്റ് തിരുത്താനായി സ്വയം നിർദേശം ഏതു രീതിയിൽ തയ്യാറാക്കണം എന്നത് നമുക്ക് നോക്കാം. സ്വയം നിർദേശം തയ്യാറാക്കുന്നതിനു മുന്പ് അനുചിതമായ പ്രവർത്തി ഏതു സ്വഭാവദോഷം കാരണമാണ് സംഭവിക്കുന്നത് എന്നത് നാം കൃത്യമായി കണ്ടു പിടിക്കണം. അതിനായി നമ്മുടെ മനസ്സിനോട് ’എന്തുകൊണ്ട് ഈ തെറ്റ് എന്നെക്കൊണ്ടു പറ്റി?’ എന്ന ചോദ്യം ചോദിക്കുക. ഇപ്പോൾ കരുതിയിട്ടുള്ള ഉദാഹരണത്തിൽ അനുചിതമായ പ്രവർത്തി എന്താണ് ? ചായയുടെ കപ്പ് കഴുകാതിരിക്കുക എന്നത്. ആയതിനാൽ മനസ്സിനോട് ഞാൻ എന്തുകൊണ്ട് ചായയുടെ കപ്പ് കഴുകി വച്ചില്ല എന്ന ചോദ്യം ചോദിക്കുക. അതിന്‍റെ ഉത്തരം എന്തു കിട്ടുന്നു അതനുസരിച്ചാണ് നാം സ്വയം പ്രത്യായനം തയ്യാറാക്കുന്നത്.

ചായയുടെ കപ്പ് കഴുകാൻ മടി തോന്നുക, കപ്പ് കഴുകാൻ മറന്നു പോകുക, അല്ലെങ്കിൽ കപ്പ് കഴുകുന്നത് ന്യൂനതയായി തോന്നുക, എന്നിങ്ങനെ ഏതാണെന്ന് ചിന്തിക്കുക. ചായയുടെ കപ്പ് കഴുകാൻ മടി തോന്നുകയാണെങ്കിൽ സ്വഭാവദോഷമാണ് അലസത. കപ്പ് കഴുകാൻ മറന്നു പോകുന്നുണ്ടെങ്കിൽ സ്വഭാവദോഷമാണ് മറവി. കപ്പ് കഴുകുന്നത് ന്യൂനതയായി തോന്നുകയാണെങ്കിൽ അത് അഹംഭാവം കാരണമാണ്. അഹംഭാവത്തിന്‍റെ ലക്ഷണങ്ങളും അവയ്ക്കുള്ള സ്വയം പ്രത്യായനവും ഇനി വരുന്ന സത്സംഗത്തിൽ നമുക്ക് പഠിക്കാം. ഇപ്പോൾ നമുക്ക് അലസത, മറവി എന്നീ സ്വഭാവദോഷങ്ങൾക്കായി സ്വയം പ്രത്യായനം എങ്ങനെ തയ്യാറാക്കണം എന്നത് മനസ്സിലാക്കിയെടുക്കാം.

A-1 സ്വയം പ്രത്യായനത്തിന്‍റെ നിയമം ഇപ്രകാരമാണ് – ’അനുചിതമായ (തെറ്റായ) പ്രവർത്തി + ഉചിതമായ (ശരിയായ) കാഴ്ചപ്പാട് അല്ലെങ്കിൽ പരിണാമത്തെക്കുറിച്ച് ബോധ്യപ്പെടൽ + ഉചിതമായ (ശരിയായ) പ്രവർത്തി’. ഇപ്പോൾ കരുതിയിട്ടുള്ള തെറ്റ് എന്നു വച്ചാൽ ചായ കുടിച്ചതിനുശേഷം കപ്പ് കഴുകി വയ്ക്കാതെ മേശപ്പുറത്തു തന്നെ വയ്ക്കുക എന്നാണ്. ഇതിന്‍റെ പരിണിത ഫലം എന്തായിരിക്കും ? കപ്പ് ഇരുന്ന് ഉണങ്ങി പോയാൽ കഴുകാൻ പ്രയാസമായിരിക്കും. ഉചിതമായ പ്രവർത്തി എന്താണ് ? ചായ കുടിച്ച് കഴിഞ്ഞാൽ കപ്പ് ഉടൻ കഴുകി സ്ഥലത്ത് വയ്ക്കുക എന്നത് !

ഈ തെറ്റ് മടി കാരണമാണ് സംഭവിക്കുന്നതെങ്കിൽ സ്വയം പ്രത്യായനം ഈ രീതിയിൽ എഴുതണം – ’ചായ കുടിച്ചതിനുശേഷം എനിക്ക് കപ്പ് കഴുകി വയ്ക്കുവാൻ മടി തോന്നുമ്പോൾ, ഇതൊരു തെറ്റായ ശീലമാണ് എന്നെനിക്ക് ബോധ്യമാകുകയും ഞാൻ ഉടൻ കപ്പ് കഴുകി സ്ഥലത്ത് വയ്ക്കുകയും ചെയ്യും.’

ഈ തെറ്റ് മറവി കാരണമാണ് സംഭവിക്കുന്നതെങ്കിൽ സ്വയം പ്രത്യായനം എങ്ങനെ തയ്യാറാക്കണം എന്നത് നോക്കാം. ’ചായ കുടിച്ചതിനുശേഷം ഞാൻ കപ്പ് കഴുകി വയ്ക്കുവാൻ മറന്നു പോകുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് എനിക്ക് ബോധ്യമാകുകയും ഞാൻ ഉടൻ കപ്പ് കഴുകി സ്ഥലത്ത് വയ്ക്കുകയും ചെയ്യും.’

സ്വയം പ്രത്യായനം തയ്യാറാക്കുമ്പോൾ വാക്യം നിയമപ്രകാരം ശരിയാണല്ലോ, യഥാർഥ സ്വഭാവദോഷം കണ്ടു പിടിച്ചല്ലോ, നാം എഴുതിയിട്ടുള്ള പരിഹാരം അതായത് ശരിയായ പ്രവർത്തി, കാഴ്ചപ്പാട് ഇവ ഉചിതവും പ്രായോഗികവുമാണല്ലോ എന്നീ കാര്യങ്ങളും നാം ശദ്ധ്രിക്കണം.

E 3. മൂന്നാം ഉദാഹരണം

ഇനി നമുക്ക് ഒരു ഉദാഹരണവും കൂടി നോക്കാം. രാവിലെ 5 മണിക്കുള്ള അലാറം അടിച്ചാൽ അത് നിർത്തി വീണ്ടും കിടന്നുറങ്ങും. അതു കാരണം പിന്നീട് എഴുന്നേൽക്കാൻ വൈകി എല്ലാ പണികളും തിരക്കു പിടിച്ച് ചെയ്യേണ്ടി വരും.

ഇനി നമുക്ക് നിയമപ്രകാരം സ്വയം പ്രത്യായനം തയ്യാറാക്കാം. A-1 സ്വയം പ്രത്യായനം തയ്യാറാക്കേണ്ട രീതിയിലെ നിയമം ഇപ്രകാരമാണ് – ’അനുചിതമായ (തെറ്റായ) പ്രവർത്തി + ഉചിതമായ (ശരിയായ) കാഴ്ചപ്പാട് അല്ലെങ്കിൽ പരിണാമത്തെക്കുറിച്ച് ബോധ്യപ്പെടൽ + ഉചിതമായ (ശരിയായ) പ്രവർത്തി’.

നാം കരുതിയ ഉദാഹരണത്തിൽ അനുചിതമായ പ്രവർത്തി എന്താണ് – രാവിലെ 5 മണിക്ക് അലാറം അടിക്കുമ്പോൾ അത് നിർത്തി വീണ്ടും കിടന്നുറങ്ങുക എന്നത്. അതിന്‍റെ പരിണിത ഫലം എന്താണ് – വൈകി എഴുന്നേറ്റാൽ തിരക്കു പിടിക്കേണ്ടി വരും എന്നത്. ഉചിതമായ പ്രവർത്തി എന്താണ് – അലാറം അടിക്കുമ്പോൾ തന്നെ എഴുന്നേൽക്കുക എന്നത്.

ഈ ഉദാഹരണത്തിൽ സ്വയം പ്രത്യായനം എങ്ങനെ എഴുതണം ? – ’രാവിലെ 5 മണിക്ക് അലാറം അടിക്കുമ്പോൾ എനിക്ക് അത് നിർത്തി വീണ്ടും കിടന്നുറങ്ങാൻ തോന്നുമ്പോൾ, വൈകി എഴുന്നേറ്റാൽ തിരക്കു പിടിക്കേണ്ടി വരും എന്നെനിക്ക് ബോധ്യമാകുകയും, ഞാൻ ഉടനെ തന്നെ എഴുന്നേൽക്കുകയും ചെയ്യും.’

ഇതിന് വേറൊരു രീതിയിലുള്ള സ്വയം പ്രത്യായനവും കൊടുക്കാം – ’രാവിലെ 5 മണിക്ക് അലാറം അടിക്കുമ്പോൾ, സമയത്ത് എഴുന്നേൽക്കണം എന്നെനിക്ക് ബോധ്യമാകുകയും ഞാൻ അന്നേരം തന്നെ എഴുന്നേൽക്കുകയും ചെയ്യും.’

ചിലർക്ക് ഇതെല്ലാം ചെയ്യുന്നതിലൂടെ നമുക്ക് നമ്മുടെ സ്വഭാവം മാറ്റിയെടുക്കാൻ പറ്റുമോ എന്നു തോന്നിയേക്കാം. അങ്ങനെ ഒരു സംശയം മനസ്സിൽ കൊണ്ടു വരേണ്ടതില്ല. ഇത് 100% പ്രായോഗികമായ കാര്യങ്ങളാണ്. ഇവ പഠിച്ചെടുക്കാൻ കുറച്ചു സമയമെടുക്കും. പക്ഷേ നമ്മളിലെ തെറ്റായ ശീലങ്ങളെ മാറ്റിയാൽ നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും മാറി കിട്ടും.