ഈ സത്സംഗത്തിൽ നമുക്ക് സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്നതിനായി അത് ഏതു രീതിയിൽ എഴുതണം എന്നത് മനസ്സിലാക്കാം. താഴെ ഒരു പട്ടിക കൊടുക്കുന്നു. നാം ഇതിലെ ഓരോ സ്തംഭവും (column) ദിവസവും എഴുതണം. ഇനി ഇത് വിശദമായി മനസ്സിലാക്കാം.
സ്വഭാവദോഷങ്ങളെ ഇല്ലാതാക്കുന്ന പ്രക്രിയ ചെയ്യുന്നതിനായി ഒരു പുസ്തകത്തിൽ ഇപ്രകാരം പട്ടിക തയ്യാറാക്കുക :
ദിവസവും നമ്മളെക്കൊണ്ടു പറ്റുന്ന തെറ്റുകൾ ഇതിൽ എഴുതണം. ആദ്യത്തെ സ്തംഭത്തിൽ (കോളത്തിൽ) തീയതി എഴുതുക. രണ്ടാമത്തെ സ്തംഭത്തിൽ ക്രമം എഴുതുക 1,2,3.. എന്നിങ്ങനെ നാം എഴുതുന്ന തെറ്റുകളുടെ എണ്ണം എഴുതുക.
ക്രമത്തിനു ശേഷമുള്ള സ്തംഭമാണ് പ്രധാനമായത് – നമ്മളെക്കൊണ്ടു പറ്റിയ തെറ്റായ പ്രവർത്തിയും അനാവശ്യ ചിന്തകളും തെറ്റായ പ്രതികരണവും ഈ സ്തംഭത്തിൽ (കോളത്തിൽ) എഴുതുക. ഇതിൽ നമ്മുടെ കൈകളാൽ സംഭവിക്കുന്ന തെറ്റുകൾ (ഉദാ. രാവിലെ എഴുന്നേറ്റപ്പോൾ പുതപ്പ് മടക്കി വച്ചില്ല, കറി ഉണ്ടാക്കുമ്പോൾ എരുവ് ചേർത്തത് കൂടിപോയി, ഓഫീസിൽ എത്താൻ വൈകി, മരുന്ന് സമയത്ത് കഴിച്ചില്ല, പാൽ തിളച്ച് തൂവി എന്നിങ്ങനെയുള്ള തെറ്റുകൾ എല്ലാം ഇതിൽ എഴുതുക. തെറ്റായ രീതിയിൽ പ്രതികരിക്കുന്നതിന്‍റെ ഉദാഹരണങ്ങൾ – ഭർത്താവ് കറിക്ക് സ്വാദ് കുറവാണ് എന്നു പറഞ്ഞപ്പോൾ ’ഞാൻ ഉണ്ടാക്കിയ ഭക്ഷണത്തിൽ തെറ്റുകുറ്റങ്ങൾ മാത്രമേ നോക്കുകയുള്ളൂ’ എന്ന പ്രതികരണം മനസ്സിൽ വന്നു, മകനോട് ഫോൺ റിച്ചാർജ് ചെയ്തു തരാൻ പറഞ്ഞപ്പോൾ അവന് സമയമില്ല എന്നു പറഞ്ഞപ്പോൾ ’ഇവന് എന്‍റെ കാര്യങ്ങൾ ചെയ്തു തരാൻ സമയമില്ല, വിഡിയോ ഗേം കളിക്കാൻ സമയമുണ്ട്’ എന്ന് ദേഷ്യപ്പെട്ട് പറഞ്ഞു. ഇനി അനാവശ്യമായ ചിന്തകളുടെ ഉദാഹരണം നോക്കാം. കച്ചവടത്തിൽ ചില ആളുകളിൽനിന്നും കാശ് വരാൻ ബാക്കിയുണ്ട്, അതിനെക്കുറിച്ചോർത്ത് മനസ്സ് ആകുലമാകുന്നു. ഇവ ആവശ്യമില്ലാതെ ചിന്തിച്ച് വിഷമിക്കുന്നതിൽ പെടുന്നു. മകന്‍റെ സ്കൂൾ തുറന്നതു കാരണം ദിവസവും സ്കൂളിൽ പോകാൻ തുടങ്ങി. അവനെ കൊറോണ ബാധിക്കുമോ എന്ന ചിന്ത കൂടെക്കൂടെ വരുന്നു. ഇത് പ്രതികരണമല്ലാതെ അനാവശ്യമായ ചിന്തയാണ്. ഇതുപോലുള്ള എല്ലാ തെറ്റുകളും ആ സ്തംഭത്തിൽ എഴുതുക.
തെറ്റ് സ്വയം മനസ്സിലായോ അതോ മറ്റാരെങ്കിലും പറഞ്ഞപ്പോഴാണ് മനസ്സിലായതെങ്കിൽ അത് അടുത്ത സ്തംഭത്തിൽ എഴുതുക.
എങ്ങനെ മനസ്സിലായി എന്ന സ്തംഭത്തിൽ തെറ്റ് സ്വയം മനസ്സിലായോ അതോ ആരെങ്കിലും പറഞ്ഞപ്പോൾ മനസ്സിലായോ എന്നത് എഴുതുക. ആരാണോ തെറ്റ് ബോധ്യപ്പെടുത്തി തരുന്നത് അവരുടെ പേരും എഴുതുക. ഉദാ. ’ചായ കുടിച്ച് കഴിഞ്ഞിട്ട് കപ്പ് കഴുകി വയ്ക്കാതെ മേശപ്പുറത്തു തന്നെ വച്ചു,’ ഈ തെറ്റ് അമ്മ കാണിച്ചു തന്നപ്പോഴാണ് മനസ്സിലായതെങ്കിൽ അങ്ങനെ ഈ സ്തംഭത്തിൽ എഴുതുക. ’പാൽ തിളപ്പിക്കാൻ വച്ചിട്ട് മറ്റു കാര്യങ്ങൾ ചെയ്യാൻ പോയതു കൊണ്ട് പാൽ തൂവി പോയി’, എന്ന തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ ’സ്വയം മനസ്സിലായി’ എന്ന് എഴുതുക.
പട്ടികയുടെ അടുത്ത സ്തംഭമാണ് – കാലയളവ് ! തന്നെക്കൊണ്ട് അനുചിതമായ ഒരു പ്രവർത്തി ആയാൽ അത് സംഭവിച്ച സമയം മുതൽ നമുക്ക് മനസ്സിലായ ആ നിമിഷം വരെയുള്ള കാലയളവ് ഈ സ്തംഭത്തിൽ എഴുതുക. ഉദാ. ’ഞാൻ രാത്രി 11 മണിക്ക് ലാപ്ടോപ്പ് ഓഫ് ആക്കാതെ ഉറങ്ങി പോയി’, എന്ന തെറ്റ് പറ്റി. രാവിലെ 7 മണിക്കാണ് അത് മനസ്സിലായതെങ്കിൽ രാത്രി 11 മുതൽ രാവിലെ 7 മണി വരെയുള്ള കാലയളവ് അതായത് 8 മണിക്കൂർ. ഈ സ്തംഭത്തിൽ 8 മണിക്കൂർ എന്നെഴുതുക. മറ്റൊരു സംഭവവും കൂടി നോക്കാം. ഓഫീസിൽ സാർ വഴക്കു പറഞ്ഞപ്പോൾ എനിക്ക് ദേഷ്യം വന്നു എന്ന തെറ്റാണെങ്കിൽ അതിൽ ദേഷ്യം മാറുന്നതു വരെ അതായത് മനസ്സ് ശാന്തമാകുന്നതു വരെയുള്ള കാലയളവ് ഈ സ്തംഭത്തിൽ എഴുതുക.
അനുചിതമായ പ്രവർത്തിയുടെ കാലയളവ് തീരുമാനിക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശദ്ധ്രിക്കണം എന്നത് ഇനി നമുക്ക് നോക്കാം.
1. അനുചിതമായ പ്രവർത്തി ചെയ്തു കഴിഞ്ഞപ്പോൾ മറ്റുള്ളവർ ബോധ്യപ്പെടുത്തി തന്നു
2. അനുചിതമായ പ്രവർത്തി ചെയ്തു കഴിഞ്ഞപ്പോൾ സ്വയം മനസ്സിലായി
3. അനുചിതമായ പ്രവർത്തി ചെയ്തുകൊണ്ടിരിക്കുമ്പോൾ സ്വയം മനസ്സിലായി
4. അനുചിതമായ പ്രവർത്തി ചെയ്യുന്നതിനു മുന്പ് തന്നെ സ്വയം മനസ്സിലായി
5. അനുചിതമായ വിചാരം മനസ്സിൽ വന്നപ്പോൾ സ്വയം മനസ്സിലായെങ്കിലും ആ അനുചിതമായ പ്രവർത്തി ചെയ്തു പോയി
6. അനുചിതമായ വിചാരം മനസ്സിൽ വന്നപ്പോൾ സ്വയം മനസ്സിലായി ശരിയായ പ്രവർത്തി ചെയ്തു
ഇക്കാര്യങ്ങൾ മനസ്സിലാക്കി അത് ’കാലയളവ്’ എന്ന സ്തംഭത്തിൽ എഴുതുക.
സ്വഭാവദോഷം എന്ന സ്തംഭത്തിൽ ആ തെറ്റ് പറ്റിയതിനു പിന്നിൽ ഏതു സ്വഭാവദോഷം ആണ് കാരണം എന്നത് എഴുതുക. സ്വഭാവദോഷം കണ്ടു പിടിക്കാനായി നാം സ്വയം നമ്മുടെ മനസ്സിനോട് ചോദ്യങ്ങൾ ചോദിക്കുക. ഈ ചോദ്യങ്ങളുടെ ഉത്തരത്തിൽനിന്നും നമുക്ക് സ്വഭാവദോഷം എന്താണെന്ന് മനസ്സിലാകും. ഉദാ. ’ഞാൻ മീറ്റിങ്ങിൽ എത്താൻ 10 മിനിറ്റ് വൈകി, എന്ന തെറ്റ് നമ്മുടെ പട്ടികയിൽ എഴുതിയിട്ടുണ്ടെങ്കിൽ അതിന്‍റെ പിന്നിലുള്ള യഥാർഥ കാരണം കണ്ടു പിടിക്കണമെങ്കിൽ നാം നമ്മുടെ മനസ്സിനോട് പല ചോദ്യങ്ങളും ചോദിക്കണം. പുറമേ നോക്കിയാൽ കൃത്യനിഷ്ഠ ഇല്ലായ്മ എന്ന സ്വഭാവദോഷം കാരണമാണ് ഈ തെറ്റ് പറ്റിയത് എന്നു നമുക്ക് തോന്നും. ഒരു മീറ്റിങ്ങിൽ പങ്കെടുത്ത 50 പേരിൽനിന്നും 10 പേർ വൈകി വന്നിട്ടുണ്ടെങ്കിൽ അതിലെ 10 പേരുടെയും വൈകി വന്നതിനു പിന്നിലുള്ള കാരണം ഒന്നു തന്നെ ആയിരിക്കുമോ? ഇല്ല. ഉദാ. ഒരാൾ മീറ്റിങ്ങിനെക്കുറിച്ച് മറന്നു, ആരോ വിളിച്ചു പറഞ്ഞപ്പോൾ ഉടനെ തയ്യാറായി വന്നു, മറ്റൊരാൾക്ക് മീറ്റിങ്ങിലെ വിഷയത്തിൽ വലിയ താൽപര്യമില്ലാത്തതു കാരണം വീട്ടിൽനിന്നും വൈകി ഇറങ്ങി. വേറെ ഒരാൾ മീറ്റിങ്ങ് വീട്ടിൽനിന്നും എത്ര ദുരമുള്ള സ്ഥലത്താണ്, അവിടെ എത്താൻ എത്ര സമയം എടുക്കും, ട്രാഫിക് ഉണ്ടെങ്കിൽ എന്തു ചെയ്യണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് പ്ലാനിങ്ങ് ചെയ്യാത്തതു കാരണം ട്രാഫിക്കിൽ പെട്ട് എത്താൻ വൈകി. മാത്രമല്ല, അവന്‍റെ മനസ്സിൽ ഞാൻ എന്തായാലും സമയത്ത് എത്തും എന്ന ഒരു തോന്നൽ കാരണവും ഇക്കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. ഈ മുന്നു പേരുടെയും തെറ്റ് ഒന്നു തന്നെയാണ് പക്ഷേ അതിന്‍റെ പിന്നിലുള്ള സ്വഭാവദോഷം വ്യത്യസ്തമാണ്. ആദ്യത്തെ വ്യക്തി അതായത് മറന്നു പോയ ആളുടെ സ്വഭാവദോഷം ’മറവി’ എന്നതാണ്. ’വൈകി പോയാലും കുഴപ്പമില്ല’ എന്ന് ചിന്തിക്കുന്ന വ്യക്തിയിൽ ’ഗൌരവമില്ലായ്മ (lack of seriousness)’ എന്ന സ്വഭാവദോഷമാണുള്ളത്. എന്നാൽ മൂന്നാമത്തെ വ്യക്തിയിൽ ’ആസൂത്രണം ചെയ്യാതിരിക്കുക’ എന്ന സ്വഭാവദോഷം ആണുള്ളത്. ഞാൻ എന്തായാലും സമയത്ത് എത്തും എന്നു ചിന്തിക്കുന്ന വ്യക്തിയിൽ ’അമിത വിശ്വാസം’ എന്ന സ്വഭാവദോഷമാണുള്ളത്. ഇതിൽ നിന്നും നമുക്ക് എന്ത് പഠിക്കാൻ കിട്ടി – തെറ്റ് ഒന്നു തന്നെയാണെങ്കിലും ഓരോ വ്യക്തിയുടെയും ചിന്താഗതി വ്യത്യസ്തം ആയിരിക്കും. നമ്മുടെ ചിന്താഗതി എപ്രകാരമുള്ളതാണ് എന്ന് സ്വയം നിരീക്ഷണം ചെയ്ത് അതിൽനിന്നും സ്വഭാവ ദോഷം കണ്ടു പിടിച്ച് പട്ടികയിൽ എഴുതുക.
ഇവിടെ നാം ശദ്ധ്രിക്കേണ്ട പ്രധാന കാര്യം എന്തെന്നാൽ തെറ്റ് സ്പഷ്ടമായി എഴുതിയാൽ മാത്രമേ നമുക്ക് അതിന്‍റെ അടിസ്ഥാന സ്വഭാവദോഷം കൃത്യമായി കണ്ടു പിടിക്കാൻ കഴിയുകയുള്ളൂ. മീറ്റിങ്ങിൽ വൈകി എത്തിയ തെറ്റിൽ ’ഞാൻ മീറ്റിങ്ങിൽ 10 മിനിറ്റ് വൈകി എത്തി’, എന്നു മാത്രം എഴുതിയാൽ എന്തുകൊണ്ട് വൈകി എന്നത് വ്യക്തമാവില്ല. അതിനു പകരം അതിൽ നമ്മുടെ ചിന്താപ്രക്രിയ കൃത്യമായി എഴുതുക. ഉദാ. ’ഞാൻ ഉച്ചയ്ക്ക് 3 മണിക്ക് മീറ്റിങ്ങ് ഉണ്ടെന്നുള്ള കാര്യം മറന്നു പോയി. അവസാന നിമിഷം അത് ഓർമ വന്നു. അന്നേരം തയ്യാറായി പോയപ്പോൾ 10 മിനിറ്റ് വൈകി.’ മീറ്റിങ്ങിനെക്കുറിച്ച് ഗൌരവം ഇല്ലാത്തതു കാരണമാണെങ്കിൽ ’മീറ്റിങ്ങിൽ വൈകി പോയാലും കുഴപ്പമില്ല എന്ന ചിന്ത കാരണം ഞാൻ പതുക്കെ വീട്ടിൽനിന്നും ഇറങ്ങി. അതുകാരണം 10 മി. വൈകി’ എന്നെഴുതുക. മീറ്റിങ്ങിനായി വീട്ടിൽനിന്നും സമയത്ത് ഇറങ്ങിയില്ല എന്ന കാരണമാണെങ്കിൽ ഏതു രീതിയിൽ എഴുതണം – ’മീറ്റിങ്ങിൽ സമയത്ത് എത്തണമെങ്കിൽ വീട്ടിൽനിന്നും എത്ര മണിക്ക് എറങ്ങണം എന്നത് കണക്കു കൂട്ടി ആ സമയത്ത് ഇറങ്ങിയില്ല. അതുകാരണം മീറ്റിങ്ങിൽ എത്താൻ 10 മി. വൈകി’. നാം ഈ രീതിയിൽ തെറ്റുകൾ എഴുതിയാൽ അതിന്‍റെ പിന്നിലുള്ള സ്വഭാവദോഷം എന്താണെന്ന് മനസ്സിലാകും. അതുകൊണ്ട് തെറ്റ് വളരെ സ്പഷ്ടമായി എഴുതണം. ഈ വരുന്ന ആഴ്ചയിൽ നമുക്ക് നമ്മുടെ തെറ്റുകൾ പുസ്തകത്തിൽ എഴുതാൻ തുടങ്ങാം. സ്വയം നിർദേശം, പുരോഗതി ഈ രണ്ടു സ്തംഭം അടുത്ത സത്സംഗത്തിൽ മനസ്സിലാക്കാം.