ഇന്ന് നമുക്ക് പലയിടത്തും Dos and Donts അതായത് ചെയ്യേണ്ടും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ എഴുതി വച്ചിരിക്കുന്നത് കാണാം. ഈ വിവരം ജനങ്ങൾക്ക് വളരെ ഉപയോഗപ്രദമായിരിക്കും. അതേപോലെ സാധന ചെയ്യുമ്പോഴും നാം ചെയ്യേണ്ട കാര്യങ്ങളും ഒഴിവാക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് മനസ്സിലാക്കിയാൽ സാധന നന്നായി ചെയ്യാൻ കഴിയും.
പൊതുവേ സാധന ചെയ്യുന്നവരെക്കൊണ്ട് നാല് തരത്തിലുള്ള തെറ്റുകളാണ് പറ്റുന്നത് – സ്വന്തം ഇഷ്ടപ്രകാരം സാധന ചെയ്യുക, സമ്പ്രദായപ്രകാരം സാധന ചെയ്യുക, ഗുരുവിനെ സ്വയമായി തിരഞ്ഞെടുക്കുക, സ്വയം സാധകനാണെന്ന് കരുതുക. ഈ തെറ്റുകൾ കാരണം അനേകം വർഷങ്ങൾ സാധന ചെയ്തിട്ടും പുരോഗതി ഉണ്ടാകില്ല. ആയതിനാൽ ഈ തെറ്റുകൾ ഒഴിവാക്കുക. ഇനി ഇതിനെക്കുറിച്ച് വിസ്തരിച്ച് മനസ്സിലാക്കാം.
1. സ്വന്തം ഇഷ്ടപ്രകാരം സാധന ചെയ്യുക
ആത്മീയമായ കാര്യങ്ങൾ ചെയ്യുന്നവരിൽ പലരും അവർക്ക് ഇഷ്ടമുള്ളതു പോലെ സാധന ചെയ്യുന്നു. ചിലർ തീർഥയാത്രകൾ ചെയ്യുന്നു, ചിലർ ഗ്രന്ഥപാരായണം ചെയ്യുന്നു, ചിലർ വ്രതങ്ങൾ എന്നാൽ മറ്റു ചിലർ യോഗാസനങ്ങൾ ചെയ്യാൻ ആരംഭിക്കുന്നു. ഇതിനെയെല്ലാം അവർ സാധന എന്നു കരുതുന്നു. പക്ഷേ ഇവ അവരുടെ മനസ്സിന് ഇഷ്ടപ്പെടുന്നതു പോലെയുള്ള കാര്യങ്ങൾ മാത്രമാണ്. നമ്മുടെ മൊബൈൽ അല്ലെങ്കിൽ ടി.വി. കേടു വന്നാൽ അതിന്‍റെ റ്റെക്നിഷ്യനെ നാം വിളിക്കും. അസുഖം വന്നാൽ ഡോക്ടറിനെ കാണും. കോടതിയിലെ ആവശ്യങ്ങൾക്കായി അഭിഭാഷകരെ കാണും. അതായത് ഓരോ തുറയിലുമുള്ള വിദഗ്ധരുടെ സഹായം തേടും. എന്നാൽ ആത്മീയമായ കാര്യങ്ങളിൽ മാത്രം അവനവന്‍റെ ഇഷ്ടപ്രകാരം ചെയ്യുന്നു. ആത്മീയമായ കാര്യങ്ങളൊന്നും ചെയ്യാത്തതിനെക്കാൾ തീർച്ചയായും ഇതു നല്ലതു തന്നെ പക്ഷേ ആത്മീയ ഉന്നതിക്കായി ഇത് പര്യാപ്തമല്ല.
മറ്റൊരു കാര്യം എന്തെന്നാൽ, പലരും ഗുരുക്കന്മാരോ, സത്പുരുഷന്മാരോ പറയാതെ തന്നെ അവരുടെ നാമം ജപിക്കാൻ തുടങ്ങുന്നു. ഹിന്ദു ധർമശാസ്ത്രപ്രകാരം ദേവീദേവന്മാരുടെ നാമമാണ് ജപിക്കേണ്ടത്, സന്യാസിമാരുടെയും ഗുരുക്കന്മാരുടെയും നാമം ജപിക്കുകയില്ല. ഏതെങ്കിലും ഋഷിമാരുടെ നാമം ജപിക്കുന്നതായി താങ്കൾ കേട്ടിട്ടുണ്ടോ? ഇല്ല. യഥാർഥ ഗുരുക്കന്മാരും അവരുടെ നാമം ജപിക്കുവാനായി ഭക്തന്മാരോട് പറയുകയില്ല, അവരും ദേവീദേവന്മാരുടെ നാമമാണ് ജപിക്കുവാനായി ഉപദേശിക്കുന്നത്. ഗുരുക്കന്മാരും സത്പുരുഷന്മാരും ഈശ്വരന്‍റെ സഗുണ രൂപമാണെങ്കിലും അവർക്ക് സൃഷ്ടി, സ്ഥിതി, സംഹാരം എന്ന നിയമം ബാധകമാണ്. അതായത് അവരുടെ ദേഹത്യാഗത്തിനു ശേഷം കുറച്ചു കാലങ്ങൾക്കുള്ളിൽ തന്നെ അവരിലെ പ്രകട ശക്തി ക്ഷയിക്കുന്നു. നേരെ മറിച്ച് ഈശ്വരൻ അനാദിയും അനന്തവും സർവശക്തിമാനും സർവജ്ഞനുമാണ്. അതിനാൽ സത്പുരുഷന്മാരുടെയല്ല മറിച്ച് ദേവതകളുടെ നാമജപമാണ് കൂടുതൽ ഫലപ്രദം. അതുകൊണ്ട് സ്വയം തീരുമാനിച്ച് ഏതെങ്കിലും ഗുരുവിന്‍റെ നാമം ജപിക്കുന്നത് ഒഴിവാക്കണം.
ആത്മീയത്തിൽ ’തന്‍റെ ഇഷ്ടപ്രകാരം സാധന ചെയ്യുക’ എന്ന തെറ്റ് ഒഴിവാക്കണമെങ്കിൽ ചോദിച്ചു ചെയ്യുന്നത് ശീലിക്കേണ്ടി വരും. ’എനിക്ക് ഒന്നും അറിയില്ല, എനിക്ക് ആത്മീയ കാര്യങ്ങൾ പഠിക്കണം’ എന്ന ജിജ്ഞാസ ഉണ്ടെങ്കിൽ മാത്രമേ ആത്മീയത്തിൽ അധികാരിയായ വ്യക്തി നമുക്ക് മാർഗദർശനം ചെയ്യുകയുള്ളൂ. ചെറുപ്പം മുതൽ ക്ഷേത്രത്തിൽ പോകുക, പ്രഭാഷണങ്ങൾ കേൾക്കുക, വീട്ടിൽ വിളക്ക് കൊളുത്തി നാമം ചൊല്ലുക മുതലായ കാര്യങ്ങൾ നാം ചെയ്തു വരുന്നു. പക്ഷേ ഒരേ സാധന തന്നെ ജീവിത കാലം മുഴുവൻ ചെയ്തുകൊണ്ടിരുന്നാൽ നമുക്ക് ആത്മീയ ഉന്നതി ഉണ്ടാകില്ല. സ്കൂളിൽ ഒരേ ക്ലാസ്സിൽ പഠിച്ചുകൊണ്ടികുന്നതു പോലയാണ് ഇത്. ഒരു നിലയിലെ സാധന ചെയ്തു കഴിഞ്ഞാൽ മുമ്പോട്ടുള്ള സാധന ചെയ്യണം.
ഒന്നിൽ നിന്നും രണ്ടിലേക്കും, രണ്ടിൽ നിന്നും മൂന്നിലേക്കും.. അങ്ങനെ പത്താം ക്ലാസ്, കോളെജ്, പോസ്റ്റ് ഗ്രാഡ്യുവേഷൻ ഇങ്ങനെ ആത്മീയത്തിലും മുമ്പോട്ട് പോകണം. സാധന ചെയ്യുമ്പോൾ ഒരു പടിയിലെ കാര്യങ്ങൾ ചെയ്യുവാൻ എളുപ്പമായി തോന്നുമ്പോൾ മുന്നോട്ടുള്ള കാര്യങ്ങൾ ചെയ്യാൻ പ്രയത്നിക്കണം.
2. ഏതെങ്കിലും ഒരു സമ്പ്രദായപ്രകാരം സാധന ചെയ്യുക
സാധനയിലെ മറ്റൊരു തെറ്റാണ് ഒരു പ്രത്യേക സമ്പ്രദായത്തിൽ പഠിപ്പിക്കുന്ന സാധന ചെയ്യുക. സാധനയുടെ സിദ്ധാന്തമാണ്, എത്ര വ്യക്തികളുണ്ടോ അത്ര പ്രകൃതിയും അത്ര തന്നെ സാധനാമാർഗങ്ങളുമുണ്ട്. ഭൂമിയിൽ 700 കോടിയിലധികം ജനങ്ങളുണ്ട്, അതായത് 700 കോടിയിലധികം സാധനാമാർഗങ്ങളുണ്ട്. ഒരു സമ്പ്രദായത്തിൽ എല്ലാവരോടും ഒരേ തരത്തിലുള്ള സാധന തന്നെ ഉപദേശിക്കുന്നു. വിവിധ തരത്തിലുള്ള രോഗങ്ങൾ ബാധിക്കപ്പെട്ടവർക്ക്, ഡോക്ടർ ഒരേയൊരു ഔഷധം തന്നെ നിർദേശിച്ചാൽ അത് എങ്ങനെ തെറ്റാകുന്നുവോ അതുപോലെ ഓരോരുത്തരുടേയും ത്രിഗുണങ്ങളും, പഞ്ചഭൌതിക തത്ത്വങ്ങളും സഞ്ചിതവും (പാപ-പുണ്യങ്ങളുടെ കണക്ക്), പ്രാരബ്ധ കർമവും ക്രിയമാണ് കർമവും വ്യത്യസ്തമായിരിക്കെ എല്ലാവരും സമ്പ്രദായത്തിൽ പഠിപ്പിക്കുന്ന ഒരേ തരം സാധന ചെയ്യുന്നതു കൊണ്ട് ആ സാധനയ്ക്ക് പല പരിമിതികളുമുണ്ടാകും. സമ്പ്രദായപ്രകാരം സാധന ചെയ്യുന്നവർക്ക് മറ്റു സമ്പ്രദായങ്ങൾ പ്രകാരം സാധന ചെയ്യുന്നവരോട് പ്രത്യേകിച്ച് അടുപ്പവും തോന്നുകയില്ല.
സമ്പ്രദായപ്രകാരം സാധന ചെയ്യുമ്പോൾ ’എന്‍റെ സാധനാമാർഗമാണ് ഏറ്റവും ശേഷ്ഠ്രമായ സാധന’ എന്ന് ആ വിഭാഗത്തിൽ പെട്ടവർക്ക് തോന്നും. ഇതിലൂടെ ’ഞങ്ങളുടെ സാധനയാണ് മറ്റു മാർഗങ്ങളെക്കാൾ ശേഷ്ഠ്രം’ എന്നുള്ള അഹംഭാവം ഉണ്ടാകുന്നു. അതു കാരണം സമ്പ്രദായപ്രകാരം സാധന ചെയ്യുന്നവർ വസുധൈവ കുടുംബകം അതായത് ഈ സന്പൂർണ ലോകം എന്‍റെ കുടുംബമാണ് എന്ന ലക്ഷ്യത്തിന്‍റെ അടുത്തുപോലും എത്തില്ല. സാധന ചെയ്യുന്നത് അഹംഭാവം ഇല്ലാതാക്കുന്നതിനു വേണ്ടിയാണ്. പക്ഷേ സമ്പ്രദായപ്രകാരം സാധന ചെയ്യുമ്പോൾ അഹംഭാവം കുറയുന്നില്ല.
സമ്പ്രദായത്തിലെ സാധന കൊണ്ട് കേവലം മനസ്സിന്‍റെ സാധന മാത്രമേ ആകുകയുള്ളൂ, ജീവാത്മാവിന്‍റെ സാധന ആകുന്നില്ല. എന്നിരുന്നാലും വേറെ സാധനയൊന്നും ചെയ്യാതിരിക്കുന്നതിലും നല്ലത് സമ്പ്രദായപ്രകാരമുള്ള സാധന ചെയ്യുന്നതാണ്.
3. സ്വയമായി ഏതെങ്കിലും സത്പുരുഷനെ ഗുരുവായി സ്വീകരിക്കുക
സാധനയിലുള്ള മറ്റൊരു തെറ്റാണ് ’ഗുരുവിനെ സ്വയമായി സ്വീകരിക്കുക’. വാസ്തവത്തിൽ നമ്മൾ ഗുരുവിനെ സ്വീകരിക്കേണ്ടതല്ല, ഗുരു നമ്മളെ ശിഷ്യനായി സ്വീകരിക്കുകയാണ് വേണ്ടത്. സാധന ചെയ്താൽ പഞ്ചേന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി ഇവയ്ക്കതീതമായ കാര്യങ്ങളുടെ ജ്ഞാനം അതായത് സൂക്ഷ്മജ്ഞാനം ഉണ്ടാകുന്നതാണ്. സൂക്ഷ്മ സ്പന്ദനങ്ങളെ അനുഭവിക്കുവാൻ കഴിയുന്നില്ലെങ്കിൽ നാം കാണുന്ന വ്യക്തി യഥാർഥത്തിൽ ആധ്യാത്മികമായി ഉന്നതനാണോ എന്നു മനസ്സിലാകുകയില്ല. അതിനാൽ ഗുരുവിനെ അന്വേഷിക്കാതിരിക്കുക.
ഡോക്ടർ, വക്കീൽ എന്നിവർക്ക് തെളിവായി സർട്ടിഫികറ്റ് ഉണ്ടാകും. പക്ഷേ അധ്യാത്മം ശബ്ദാതീതമായ വിഷയമാണ്. ഇന്ന് സമൂഹത്തിൽ 98% സന്യാസിമാരും കപടരാണ്. ആയതിനാൽ ഗുരുവിനെ അന്വേഷിക്കുന്നതിനു പകരം ശിഷ്യനാകാൻ ശമ്രിക്കുന്നതാണ് നല്ലത്.
ഗുരുവിനും ശിഷ്യന്‍റെ ആവശ്യമുണ്ട് കാരണം ശിഷ്യന് മാർഗദർശനം നൽകുക മാത്രമാണ് ഗുരുവിന്‍റെ ലക്ഷ്യം. ഏതെങ്കിലും ഒരു വിദ്യാർഥിക്ക് റാങ്ക് ലഭിക്കുമെന്നു മനസ്സിലായാൽ അധ്യാപകർ തീർച്ചയായും ആ വിദ്യാർഥിയെ പഠിക്കുവാൻ സഹായിക്കുന്നു. അതു പോലെ സാധന ചെയ്തുകൊണ്ടിരുന്നാൽ ഗുരു സ്വയം ശിഷ്യനെ സഹായിക്കും. അതു കൊണ്ട് ഗുരുവിനെ അന്വേഷിച്ചു പോകുന്നതിനു പകരം നല്ല ശിഷ്യനാകാനാണ് നാം ശമ്രിക്കേണ്ടത്. അതു കൊണ്ട് ശിഷ്യനിൽ ആവശ്യമുള്ള ഗുണങ്ങൾ ഏതെല്ലാമാണ് എന്നു നാം സത്സംഗത്തിൽ പഠിപ്പിക്കും. അതുപോലെ പ്രയത്നിച്ചുകൊണ്ടിരിക്കുക.
4. സ്വയം സാധകൻ ആണെന്ന് കരുതുക
സാധനയിൽ പറ്റുന്ന നാലാമത്തെ തെറ്റാണ് ’സ്വയം സാധകനാണെന്ന് കരുതുക.’ ആത്മീയമായ കാര്യങ്ങൾ അൽപമായി ചെയ്യുന്നവരിലും ചിലർ സ്വയം സാധകരാണെന്ന് കരുതുന്നു. ഈ ചിന്ത കാരണം ആത്മീയ ഉന്നതിയിൽ തടസ്സം വരും. ഒരു കുട്ടി അഞ്ചാം ക്ലാസ്സ് വരെ പഠിച്ചതിനു ശേഷം ഞാൻ കുറേ വിദ്യാഭ്യാസം നേടി എന്നു ചിന്തിക്കുന്നതുപോലെയാണ് ഇതും. ദിവസവും ഈശ്വരപ്രാപ്തിക്കായി 2-3 മണിക്കൂറെങ്കിലും ശരിയായ രീതിയിൽ പ്രയത്നങ്ങൾ ചെയ്യുന്നതാണ് സാധന. സാധന നിത്യവും ചെയ്യേണ്ടതാണ്. സാധനയിലും മുമ്പോട്ടുള്ള പടികളിലേക്ക് പോകാനായി ശമ്രിച്ചുകൊണ്ടിരിക്കണം.
സാധനയിൽ പറ്റുന്ന പ്രധാനമായ തെറ്റുകളെക്കുറിച്ച് നാം മനസ്സിലാക്കി. ഈ തെറ്റുകളെ ഒഴിവാക്കി നമുക്ക് ശീഘ്രമായ ആത്മീയ ഉന്നതിക്കായി പ്രയത്നിക്കാം.