പ്രഭാഷണത്തിന്‍റെ രണ്ടാം ഭാഗത്തിൽ നമുക്ക് സുഖ-ദുഖത്തിന്‍റെ വിശ്ലേഷണം, കർമഫലസിദ്ധാന്തം, കുലദേവതയുടെ നാമജപത്തിന്‍റെ മഹത്ത്വം എന്നീ കാര്യങ്ങൾ മനസ്സിലാക്കാൻ ശമ്രിക്കാം.
1. സുഖവും ദുഖവും
1A. വിശ്ലേഷണം
നമ്മളിലെ ഓരോ വ്യക്തിയും സുഖത്തിന്‍റെ നിമിഷങ്ങളും ദുഖത്തിന്‍റെ നിമിഷങ്ങളും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ഓരോ വ്യക്തിയും സുഖപ്രാപ്തിക്കായി പരമാവധി ശമ്രിക്കുന്നുണ്ടെങ്കിലും മിക്കവർക്കും കൈവശമാകുന്നത് അധികവും ദുഖം തന്നെയാണ്. ഇന്നത്തെ കാലത്ത് സാധാരണയായി മനുഷ്യന്‍റെ ജീവിതത്തിൽ 25% സുഖവും, 75% ദുഖവുമായിരിക്കും. എങ്ങനെ ആനന്ദം നേടാം എന്നതിനെക്കുറിച്ച് പലർക്കും അറിഞ്ഞുകൂട; ഭൂരിപക്ഷം ആളുകളും അതുകൊണ്ട് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്ത് കുറച്ചു സമയത്തേക്കെങ്കിലും സുഖം അനുഭവിക്കാൻ ശമ്രിക്കുന്നു, ഉദാ. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുക, സിനിമ കാണുക മുതലായവ. ഇതെല്ലാം പഞ്ചേന്ദ്രിയങ്ങൾ, മനസ്സ്, ബുദ്ധി ഇവ മുഖേന അനുഭവിക്കുന്നു. അതുപോലെ അസുഖം വരുന്പോൾ മരുന്നു കഴിക്കുക, ടെലിവിഷൻ കേടു വന്നാൽ അതു നന്നാക്കുക മുതലായ പ്രയത്നങ്ങളിലൂടെ ദുഃഖം അകറ്റാനും ശമ്രിക്കുന്നു. പക്ഷേ ഇതിൽനിന്നും ശാശ്വതമായ സുഖം ലഭിക്കില്ല. സന്ത് തുക്കാറാം മഹാരാജ് എന്ന സത്പുരുഷൻ സുഖത്തെ ഒരു കടുകു മണിയായും ദുഃഖത്തെ ഒരു പർവതമായും വിശേഷിപ്പിച്ചിരിക്കുന്നു. സുഖവും ദുഖവും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ് എന്ന് വിവേകാനന്ദ സ്വാമികൾ പറഞ്ഞിരുന്നു. എല്ലാവർക്കും സുഖം മാത്രമാണ് വേണ്ടത് പക്ഷേ സംഘർഷം ഇല്ലാതെ സുഖം നേടുവാൻ കഴിയുകയില്ല.
1 B. സുഖ-ദുഖത്തിനു കാരണം
ആനന്ദ സ്വരൂപമായ ഈശ്വരനിൽനിന്നാണ് നാം സൃഷ്ടിക്കപ്പെട്ടത്. ആയതിനാൽ ഈശ്വരനിൽ ലയിച്ചു ചേരാനുള്ള വ്യഗ്രത അതായത് സുഖദുഖത്തിനതീതമായ ആനന്ദം നേടുന്നതിനുള്ള ആഗ്രഹം നാം ഓരോരുത്തരിലും ഉണ്ടായിരിക്കും. അതുകൊണ്ട് ആദ്യപടിയായി നമുക്ക് സുഖ-ദുഖത്തിനു പിന്നിലുള്ള കാരണവും ദുഖനിവാരണത്തിനായി ചെയ്യേണ്ട കാര്യങ്ങളും മനസ്സിലാക്കുവാൻ ശമ്രിക്കാം. സുഖ ദുഃഖങ്ങൾക്കു പിന്നിൽ ശാരീരികം, മാനസികം അല്ലെങ്കിൽ ആധ്യാത്മികമായ കാരണങ്ങൾ ഉണ്ടായിരിക്കും. ശാരീരിക കാരണത്തിന്‍റെ ഉദാഹരണമാണ് അസുഖം കാരണം അവശത അനുഭവപ്പെടുക എന്നത്. മാനസിക കാരണത്തിന്‍റെ ഉദാഹരണമാണ് ആരെങ്കിലും ചതിച്ചാൽ മനസ്സിന് ദുഃഖം ഉണ്ടാകുന്നു, എന്നത്. എന്നാൽ, എത്ര കഠിനമായി ശമ്രിച്ചിട്ടും പരീക്ഷയിൽ തോൽക്കുക, കല്യാണം മുടങ്ങിക്കൊണ്ടിരിക്കുക എന്നിവകൊണ്ട് ഉണ്ടാകുന്ന ദുഃഖം ആധ്യാത്മികമായ ദുഖമാണ്.
1 C. ദുഃഖനിവാരണത്തിനുവേണ്ടി വാസ്തവത്തിൽ എന്തു ചെയ്യണം ?
ദുഃഖത്തിന്‍റെ കാരണം ആധ്യാത്മികമാണെങ്കിൽ അതിന് ആധ്യാത്മികമായ പരിഹാരം തന്നെ വേണം. പക്ഷേ ദുഖത്തിന് കാരണം ആധ്യാത്മികം ആണെന്ന് എങ്ങനെ തിരിച്ചറിയും? ചില ലക്ഷണങ്ങളിലൂടെ ഇത് നമുക്ക് മനസ്സിലാക്കാം. ഒരു കുടുംബത്തിലുള്ള മിക്ക കുടുംബാംഗങ്ങൾക്കും ബുദ്ധിമുട്ടുകൾ ഉണ്ടാകുക, ഉദാഹരണത്തിന്, മൂത്ത മകൻ മനോരോഗിയും, രണ്ടാമത്തെ മകന്‍റെ വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ ഭാര്യയുമായി വേർപിരിയുകയും, മൂന്നാമത്തെ മകൻ പഠനം പൂർത്തി ആക്കാതിരിക്കുകയും, സുന്ദരിയും വിദ്യാഭ്യാസ സന്പന്നയും ഉദ്യോഗസ്ഥയുമായ മകളുടെ വിവാഹം നടക്കാതിരിക്കുകയും ചെയ്യുന്നു. ഇത്തരം സംഭവങ്ങൾ കാരണം മാതാപിതാക്കൾ വളരെ ദുഃഖത്തിലാകുന്നു. ചുരുക്കത്തിൽ, ആ കുടുംബത്തിലെ ഓരോ വ്യക്തിയും ദുഃഖിതനാണ്. ഇത്തരം പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും, എത്ര ശമ്രിച്ചിട്ടും പ്രതീക്ഷിക്കുന്ന ഫലം ലഭിക്കുന്നില്ലെങ്കിലും അത്തരം ദുഃഖത്തിനു പിന്നിലുള്ള കാരണം ആധ്യാത്മികമാണ് എന്നു നാം മനസ്സിലാക്കുക. ബുദ്ധികൊണ്ട് മനസ്സിലാക്കുവാൻ പറ്റാത്ത കാരണങ്ങൾ ഉണ്ടെങ്കിൽ അവ ആധ്യാത്മികമായിരിക്കും എന്നു മനസ്സിലാക്കുക. ഇത്തരം ദുഃഖങ്ങളെ അകറ്റാൻ നാം സാധന തന്നെ ചെയ്യണം.
1 D. സകാമ സാധനയും നിഷ്കാമ സാധനയും
മോക്ഷപ്രാപ്തി അതായത് ഈശ്വരപ്രാപ്തി നേടിയാലാണ് മനുഷ്യജന്മം അർഥവത്താകുക എന്ന് ധർമം പറയുന്നു. ശരീരം, മനസ്സ്, ബുദ്ധി എന്നിവ മുഖേന മോക്ഷപ്രാപ്തിക്കായി ദിവസവും 2-3 മണിക്കൂറെങ്കിലും ചെയ്യുന്ന പ്രയത്നങ്ങളെയാണ് സാധന എന്നു പറയുന്നത്. സാധന രണ്ടു തരത്തിലുണ്ട് സകാമ സാധനയും നിഷ്കാമ സാധനയും. സകാമ സാധന എന്നാൽ ലൌകികമായ നേട്ടങ്ങൾക്കായി സാധന ചെയ്യുക, ഉദാ. കുടുംബത്തിൽ സുഖസൌകര്യങ്ങൾക്കായി, വിവാഹത്തിലെ തടസ്സങ്ങൾ മാറുന്നതിനായി മുതലായവ. നിഷ്കാമ സാധന എന്നാൽ പ്രതിഫലേച്ഛ ഇല്ലാതെ ഭഗവാനെ ആരാധിക്കുക. സകാമ സാധന ചെയ്യുന്നവരുടെ ആഗ്രഹങ്ങൾ സാധിച്ചു കിട്ടുന്നു എന്നാൽ നിഷ്കാമ സാധന ചെയ്യുന്നവർക്ക് ആത്മീയ ഉന്നതി ഉണ്ടായി ഭൌതിക ജീവിതത്തിലെ ദുഃഖങ്ങളും കുറയുന്നു. ഭഗവാന്‍റെ വചനങ്ങളാ??ണ്, ’എന്‍റെ നിഷ്കാമ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും ഞാൻ പൂർണമാക്കും.’ സകാമ സാധന ചെയ്യുന്നവർക്ക് ഭൌതികമായ നേട്ടങ്ങൾ ഉണ്ടാകുന്നു പക്ഷേ ഈശ്വരപ്രാപ്തി ഉണ്ടാകുന്നില്ല. മനുഷ്യ ജന്മത്തിന്‍റെ ലക്ഷ്യം മോക്ഷപ്രാപ്തി ആണല്ലോ. നിഷ്കാമ ഭാവത്തോടെ സാധന ചെയ്താൽ മോക്ഷം ലഭിക്കും.
2. കർമഫലസിദ്ധാന്തം
ഹിന്ദു ധർമത്തിൽ രണ്ടു സിദ്ധാന്തങ്ങളെക്കുറിച്ച് വിവരിക്കുന്നു. ഒന്നാണ് കർമഫലസിദ്ധാന്തം, രണ്ടാമത്തേതാണ് പുനർജന്മസിദ്ധാന്തം. കർമഫലസിദ്ധാന്ത പ്രകാരം മനുഷ്യൻ ചെയ്തിട്ടുള്ള ഓരോ കർമത്തിന്‍റെയും ഫലം അവന് അനുഭവിക്കേണ്ടി വരും. ഉദാ. മാതാപിതാക്കളെ സേവിക്കുക, ക്ഷേത്രങ്ങളിൽ സംഭാവന നൽകുക, മുതലായ കർമങ്ങളിലൂടെ പുണ്യം ലഭിക്കുന്നു എന്നാൽ മറ്റുള്ളവരെ പരിഹസിക്കുക, കള്ളം പറയുക, മോഷ്ടിക്കുക മുതലായവയിലൂടെ പാപം ഉണ്ടാകുന്നു. പുണ്യകർമത്തിന്‍റെ ഫലമാണ് സുഖം എന്നാൽ പാപത്തിന്‍റെ ഫലമാണ് ദുഃഖം.
ഒരു വ്യക്തി മോഷണം നടത്തി പക്ഷേ അവനെ പോലീസിന് പിടിക്കുവാൻ സാധിച്ചില്ലെങ്കിലോ? ഒരു കാര്യം നാം ഓർമ വയ്ക്കണം. ഈശ്വരന്‍റെ കോടതിയിൽനിന്നും അവനെ ആർക്കും രക്ഷിക്കുവാൻ കഴിയില്ല. ഭഗവാന് ഓരോ വ്യക്തിയുടെയും ഓരോ കർമത്തിന്‍റെയും കണക്കു കൂട്ടുവാൻ കഴിയും. ഓരോ വ്യക്തിയുടെയും ശരീരം, മനസ്സ്, വാണി ഇവയിലൂടെ സംഭവിക്കുന്ന നന്മയും തിന്മയുമായ ഏതൊരു കർമത്തിന്‍റെയും കണക്ക് ഈശ്വരൻ വയ്ക്കുന്നു.
2A. പ്രവർത്തിക്കു പിന്നിലുള്ള ഉദ്ദേശ്യം എന്താണോ
അതിന്‍റെ അടിസ്ഥാനത്താണ് കർമത്തിന് ഫലം ലഭിക്കുക !
ഒരു കാര്യം ചെയ്യുന്നതിനു പിന്നിൽ വ്യക്തിയുടെ ഉദ്ദേശ്യം എന്താണ് അതനുസരിച്ചാണ് അവന് ഫലം ലഭിക്കുന്നത്. ഒരു ഗുണ്ഡ ഒരാളുടെ കാല് വെട്ടുന്നതും ഒരു ഡോക്ടർ സർജറി ചെയ്ത് ഒരാളുടെ കാല് മുറിച്ചു മാറ്റുന്നതും പുറമേ നോക്കുന്പോൾ ഒരേ പ്രവർത്തി ആണെങ്കിലും രണ്ടു പേരുടെയും ഉദ്ദേശ്യം വ്യത്യസ്തമാണ്. ഗുണ്ഡ വ്യക്തിയെ കൊല്ലാൻ ശമ്രിക്കുന്നു എന്നാൽ ഡോക്ടർ വ്യക്തിയുടെ ജീവൻ രക്ഷിക്കുന്നു. ഇപ്രകാരം കർമത്തിന്‍റെ പിന്നിലുള്ള ഉദ്ദേശ്യം അനുസരിച്ചാണ് നമുക്ക് അതിന്‍റെ ഫലം ലഭിക്കുന്നത്.
2B. കലിയുഗത്തിൽ പ്രാരബ്ധം 65 ശതമാനവും
ആർജിത കർമം ഏകദേശം 35 ശതമാനവുമാണ് !
ഹിന്ദു ധർമം പുനർജന്മത്തിൽ വിശ്വസിക്കുന്നു. ഒരു വ്യക്തിയുടെ പുണ്യകർമങ്ങളും പാപകർമങ്ങളും അവന് ഇതേ ജന്മത്തിൽതന്നെ അനുഭവിക്കേണ്ടി വരും എന്നില്ല. അത് അവന്‍റെ അടുത്ത ജന്മങ്ങളിലേക്കും മാറ്റി വയ്ക്കപ്പെട്ടേക്കും. അപ്രകാരം തന്നെ, കഴിഞ്ഞ ജന്മങ്ങളിലെ കർമങ്ങളുടെ ഫലം ഈ ജന്മത്തിൽ അനുഭവിക്കേണ്ടി വരുന്നു. ഇതിനെ നാം വിധി എന്നാണ് പൊതുവേ പറയുന്നത്. അധ്യാത്മത്തിൽ ഇതിനെ പ്രാരബ്ധ കർമം എന്നു പറയുന്നു. അധ്യാത്മശാസ്ത്രപ്രകാരം കലിയുഗത്തിൽ മനുഷ്യ ജീവിതത്തിലെ 65% സംഭവങ്ങളും പ്രാരബ്ധത്തിന് അധീനമാണ് എന്നാൽ 35% ആർജിത കർമമാണ് അതായത് വ്യക്തിയുടെ ഈ ജന്മത്തിലെ പ്രയത്നങ്ങൾക്ക് 35% ഫലം അവന് ലഭിക്കും. ചുരുക്കത്തിൽ വ്യക്തിയുടെ ജീവിതത്തിലെ 65% സംഭവങ്ങളും അവൻ കഴിഞ്ഞ ജന്മങ്ങളിൽ ചെയ്ത കർമങ്ങളുടെ ഫലമായാണ് അനുഭവിക്കേണ്ടി വരുന്നത്.
ഇക്കാര്യം മനസ്സിലാക്കുന്നതിനായി ഒരു ഉദാഹരണം നോക്കാം. രണ്ടു കുട്ടികൾ ഒരേ വർഷം ഒരേപോലുള്ള മാർക്കുകളോടെ ബിരുദ പരീക്ഷയിൽ വിജയം നേടി എന്നു കരുതുക. പഠനത്തിനു ശേഷം ഒരു കുട്ടിക്ക് ഉടനെ ജോലി കിട്ടി, എന്നാൽ മറ്റേ കുട്ടിക്ക് ജോലിക്കായി വളരെയധികം സംഘർഷങ്ങൾ ചെയ്യേണ്ടി വന്നു. ഇരട്ട കുട്ടികളിലും പലപ്പോഴും ഒരു കുട്ടി ആരോഗ്യമുള്ളതും എന്നാൽ മറ്റേ കുട്ടിക്ക് പല അസുഖങ്ങളും ഉള്ളതായി കാണാം. എന്തുകൊണ്ട് ഇതിങ്ങനെ സംഭവിക്കുന്നു? ഇതിന്‍റെ ഉത്തരം ആധുനിക ശാസ്ത്രത്തിന് നൽകുവാൻ കഴിയില്ല. സുഖപ്രാപ്തിക്കായി മനുഷ്യൻ കഠിനാധ്വാനം ചെയ്യുന്നുവെങ്കിലും അവന് എന്തുകൊണ്ടാണ് സുഖം മാത്രമല്ലാതെ ദുഃഖവും അനുഭവിക്കേണ്ടി വരുന്നത്. ഇതിന്‍റെ ഉത്തരം നൽകാൻ ആധുനിക ശാസ്ത്രത്തിന് കഴിയില്ല, അത് അധ്യാത്മത്തിന് മാത്രമേ കഴിയൂ. ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന ദുഃഖങ്ങൾക്കു പിന്നിലുള്ള കാരണമാണ് കഴിഞ്ഞ ജന്മങ്ങളിലെ പാപകർമങ്ങൾ.
3. സാധനയുടെ മഹത്ത്വം
3A. സാധന ചെയ്താൽ പ്രാരബ്ധം സഹ്യമായി മാറുന്നു
ജീവിതത്തിലെ സംഭവങ്ങളെല്ലാം പ്രാരബ്ധം കാരണമാണെങ്കിൽ നാം എന്തിന് സാധന ചെയ്യണം എന്നുള്ള ചോദ്യം ചിലരുടെ മനസ്സിലുണ്ടാകും. ഇതിന്‍റെ ഉത്തരം എന്തെന്നാൽ മനുഷ്യന് പ്രാരബ്ധത്തിലെ ദുഃഖങ്ങൾ അനുഭവിച്ചേ തീരു പക്ഷേ സാധന ചെയ്യുന്പോൾ ഇത് സഹ്യമായി മാറും. സർജറി ചെയ്യുന്നതിനു മുന്പ് ബോധം കെടുത്തുന്നതു കാരണം രോഗിക്ക് വേദന അനുഭവപ്പെടുന്നില്ല. അതുപോലെ തന്നെ സാധന ചെയ്യുന്പോൾ പ്രാരബ്ധം അനുഭവിക്കുവാനുള്ള ബലം കിട്ടുന്നു. ദുഃഖം ദുഃഖമായി തോന്നില്ല. നേരെ മറിച്ച് വളരെ വലിയ സങ്കടങ്ങൾ വരുന്പോഴും ഭഗവാൻ ഭക്തനെ രക്ഷിച്ചതായ അനുഭൂതി പലർക്കും ഉണ്ടാകുന്നു. ഇതിന്‍റെ ഉത്തമമായ ഒരു ഉദാഹരണമാണ് മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട്. വാതരോഗത്താൽ കഷ്ടപ്പാട് അനുഭവിച്ചിരുന്ന മേൽപ്പത്തൂരിന് പണ്ഡിതനായ എഴുത്തച്ഛൻ പ്രതിവിധിയായി ’മീൻ തൊട്ടു കൂട്ടുക’ എന്ന ഉപദേശം നൽകി. ഭഗവാന്‍റെ ഭക്തനായിരുന്നതിനാൽ മേൽപ്പത്തൂർ അതിന്‍റെ അർഥം മനസ്സിലാക്കി. അദ്ദേഹം ഭഗവാൻ വിഷ്ണുവിന്‍റെ മത്സ്യം മുതലുള്ള ദശാവതാരം ആണ് മനസ്സിൽ കണ്ടത്. അവശനായ അദ്ദേഹം തൃക്കണ്ടിയൂരിൽനിന്നും ഗുരുവായൂരന്പലത്തിൽ പോയി ഭജനം ഇരുന്നു. അവിടെ വച്ചാണ് ഓരോ ദശകം വീതം ദിവസവും തയ്യാറാക്കി നാരായണീയം ഭഗവാന് സമർപ്പിച്ചത്. നൂറാം ദശകത്തിൽ മഹാവിഷ്ണുവിന്‍റെ പാദം മുതൽ ശിരസ്സ് വരെയുള്ള രൂപത്തിന്‍റെ വർണനയുണ്ട്. അത് പൂർത്തിയാക്കിയ ദിവസം അദ്ദേഹത്തിന് വേണുഗോപാലന്‍റെ ദർശനമുണ്ടായി. അതോടെ അദ്ദേഹത്തിന്‍റെ വാതരോഗവും ശമിച്ചു. സാധനയുടെ ബലവും ഭക്തിയും ഉണ്ടെങ്കിൽ ഭഗവാൻ പ്രാരബ്ധം സഹ്യമാക്കി തരും, അതിന്‍റെ തീവ്രത കുറയ്ക്കും. ഈ ഉദാഹരണത്തിൽനിന്നും മനുഷ്യന് അവന്‍റെ കൈവശമുള്ള 35% ആർജിത കർമം ഉപയോഗിച്ച് പ്രാരബ്ധത്തെ മറി കടക്കുവാൻ കഴിയും എന്ന കാര്യം വ്യക്തമാകുന്നു.
3 B. ജനന-മരണ ചക്രത്തിൽനിന്നും
മുക്തി നേടുവാൻ സാധന അനിവാര്യമാണ്
ഉന്നത വിദ്യാഭ്യാസം നേടുന്നതിനായി പഠനവും പരിശീലനവും ആവശ്യമുള്ളതു പോലെ ആധ്യാത്മിക ഉന്നതി നേടുന്നതിനായി സാധന ചെയ്യണം. ആധ്യാത്മിക ഉന്നതി നേടി മുക്തി ലഭിക്കുന്നതു വരെ ആത്മാവ് വീണ്ടും വീണ്ടും ജന്മമെടുക്കുന്നു. ഒരു വ്യക്തി ജീവിത കാലം മുഴുവനും പുണ്യകർമങ്ങൾ ചെയ്തു എന്നു കരുതുക; പുണ്യം ചെയ്തുവെങ്കിലും സാധന ചെയ്തില്ല. എങ്കിൽ അവന് ജനന-മരണ ചക്രത്തിൽനിന്നും മുക്തി ലഭിക്കുമോ? ഇല്ല! കാരണം നന്മ ചെയ്തതു കൊണ്ട് മരണാനന്തരം അവന് സ്വർഗം ലഭിക്കും. പുണ്യബലം ഉള്ളതു വരെ സ്വർഗത്തിൽ ആത്മാവ് വസിക്കും. അത് തീരുന്പോൾ കഴിഞ്ഞ ജന്മങ്ങളിലെ പ്രാരബ്ധ കർമങ്ങളുടെ ഫലം അനുഭവിക്കുന്നതിനായി ഭൂമിയിൽ വീണ്ടും ജന്മം എടുക്കും. പാപകർമങ്ങൾ ചെയ്യുന്ന വ്യക്തി അധഃപതിച്ച് മരണാനന്തരം വീണ്ടും മനുഷ്യയോനിയിൽ ജനിക്കാതെ കീടാണു, പക്ഷി, മൃഗം, വൃക്ഷം മുതലായ 84 ലക്ഷം യോനികളിലെ ഏതെങ്കിലും ജീവിയായി ജനിക്കും. അതായത് സാധന ചെയ്തില്ലെങ്കിൽ ’പുനരപി ജനനം, പുനരപി മരണം…’ ഈ ചക്രം തുടർന്നുകൊണ്ടേയിരിക്കും.
3C. മനുഷ്യൻ വീണ്ടും വീണ്ടും ജന്മം
എടുക്കുന്നതിനു പിന്നിലുള്ള കാരണമെന്താണ് ?
മനുഷ്യൻ രണ്ടു കാരണങ്ങളാൽ വീണ്ടും വീണ്ടും ജനിക്കുന്നു. ഒന്ന് അവന്‍റെ പ്രാരബ്ധം അനുഭവിച്ചു തീർക്കുക. രണ്ടാമത്, മോക്ഷപ്രാപ്തിക്കായി സാധന ചെയ്ത് ജനന-മരണ ചക്രത്തിൽനിന്നും സ്വയം മുക്തി നേടുക. പക്ഷേ നിർഭാഗ്യവശാൽ മനുഷ്യ ജന്മത്തിന്‍റെ ഈ ഉദ്ദേശ്യങ്ങൾ അറിയുവാൻ ആരും ശമ്രിക്കുന്നില്ല. അതു കാരണം ഭൂരിപക്ഷം ജനങ്ങളുടെയും ജീവിതം വീടും, വണ്ടിയും, ജോലിയും, സ്വർണവും, സ്വത്തും സന്പാദിക്കുന്നതിൽ തന്നെ കുടുങ്ങി പോകും.
സാധനയുടെ തപോബലവും ഗുരുക്കന്മാരുടെ കൃപാകടാക്ഷവും ഉണ്ടെങ്കിൽ പ്രാരബ്ധം ഇല്ലാതായി ജനന-മരണ ചക്രത്തിൽനിന്നും മുക്തി ലഭിക്കും. അതായത് മരണാനന്തരം വീണ്ടും ഭൂമിയിൽ ജനിക്കേണ്ടി വരില്ല. സാധന ചെയ്യുന്ന വ്യക്തിക്ക് മരണാനന്തരം സദ്ഗതി ലഭിക്കുന്നു അതായത് മരണത്തിനുശേഷം സ്വർഗലോകത്തിനും അതീതമായ മഹാ, ജന, തപ, സത്യ എന്നീ ഉന്നത ലോകങ്ങളിൽ മുന്പോട്ടുള്ള സാധന ചെയ്ത് മോക്ഷപ്രാപ്തിക്കായി ശമ്രിക്കുവാൻ കഴിയും. സാധനയ്ക്ക് എത്രയധികം മഹത്ത്വമുണ്ട് എന്ന് ഇക്കാര്യത്തിൽ നിന്നും കുറേക്കൂടെ വ്യക്തമാകുന്നു.
കർമഫലത്തിലും പുനർജന്മത്തിലും നാം വിശ്വസിച്ചാലും ഇല്ലെങ്കിലും, നാം കർമഫലം ആഗ്രഹിച്ചാലും ഇല്ലെങ്കിലും അതു നമുക്ക് ലഭിച്ചിരിക്കും. അത് പ്രകൃതിയുടെ നിയമമാണ്.
ഇതുവരെ വിവരിച്ച കാര്യങ്ങളിൽനിന്നും നമ്മുടെ ജീവിതത്തിലെ സുഖവും ദുഖവും അധികവശവും കഴിഞ്ഞ ജന്മങ്ങളിലെ കർങ്ങളുടെ ഫലമായിരിക്കും എന്നത് എല്ലാവർക്കും വ്യക്തമായി കാണും. പാപത്തിനും പുണ്യത്തിനും അതീതമായ മോക്ഷം നേടുന്നതിനായി സാധന അല്ലാതെ മറ്റൊരു മാർഗമില്ല. ഇനി നമുക്ക് ഇക്കാലത്തിന് അനുയോജ്യമായ സാധനയുടെ ഒരു പ്രധാന ഭാഗം മനസ്സിലാക്കാം.
കലിയുഗത്തിലെ സാധനയാണ് നാമജപം. പലരും അവരുടെ ഇഷ്ടദേവത്തിന്‍റെ നാമം ജപിക്കുന്നതായി കണ്ടു വരുന്നു. നാം ഏതു നാമം ജപിച്ചാലും അത് നമുക്ക് ഗുണം ചെയ്യുന്നു പക്ഷേ ഇന്നത്തെ കാലഘട്ടത്തിന് അനുയോജ്യമായ നാമവും കൂടി ജപിക്കേണ്ടത് അനിവാര്യമാണ്. അതാണ് സ്വന്തം കുടുംബദേവതയുടം നാമം.
4. കുലദേവതയുടെ നാമജപത്തിന്‍റെ മഹത്ത്വം
4 A. കുലദേവതയുടെ നാമജപത്തിലൂടെ ആധ്യാത്മിക ഉന്നതിയാകുന്നു
നമ്മുടെ ആധ്യാത്മിക ഉയർച്ചയ്ക്കായി ഏതു ദേവതയുടെ ഉപാസനയാണോ ആവശ്യം ആ ദേവതയുടെ കുലത്തിലാണ് ഭഗവാൻ നമുക്ക് ജന്മം നൽകുന്നത്. ആ ദേവതയായിരിക്കും കുലത്തിലെ കുലദേവി അല്ലെങ്കിൽ കുലദേവൻ. ’കുലദേവത’ എന്ന വാക്ക് ’കുലം’ ’ദേവത’ എന്നീ രണ്ടു വാക്കുകൾ ചേർന്നാണുണ്ടായത്. കുടുംബത്തിലെ ദേവതയാണ് കുലദേവത/ കുടുംബദേവത. കുലദേവതയുടെ ഉപാസന ചെയ്യുന്നതിലൂടെ മൂലാധാര ചക്രത്തിൽ സ്ഥിതി ചെയ്യുന്ന കുണ്ഡലിനീ ശക്തി ഉത്തേജിതം ആകുന്നു. അതാണ് ആധ്യാത്മിക ഉന്നതിയുടെ തുടക്കം.
4B. കുലദേവതയുടെ നാമം ജപിക്കുന്ന വ്യക്തിക്ക്
ബ്രഹ്മാണ്ഡത്തിലെ എല്ലാ ദേവീദേവന്മാരുടെയും തത്ത്വം ലഭിക്കുന്നു
പ്രപഞ്ചത്തിലുള്ള സർവതത്ത്വങ്ങളും ശരീരത്തിൽ കൊണ്ടുവരുന്നതോടെ സാധന പൂർണമായതായി കരുതുന്നു. പ്രപഞ്ചത്തിലുള്ള സകല ദേവതാ തത്ത്വങ്ങളേയും ആകർഷിച്ച് അവ ഓരോന്നിനേയും 30 ശതമാനം വരെ വർധിപ്പിക്കുവാനുള്ള കഴിവ് കുലദേവതയുടെ നാമജപത്തിനുണ്ട്. ഇതിനു വിപരീതമായി ശിവൻ, വിഷ്ണു, ഗണപതി, ലക്ഷ്മി തുടങ്ങിയ ദേവതകളുടെ നാമം മാത്രമായി ജപിക്കുന്പോൾ നമ്മളിൽ കുറവുള്ള ഏതെങ്കിലും ഒരു വിശിഷ്ട തത്ത്വത്തെ മാത്രം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ശക്തി വർധനവിനുവേണ്ടി വിറ്റാമിൻ എ, ബി തുടങ്ങിയവ കഴിക്കുന്നതു പോലെയാണ് ഇതും. ഡോക്ടർ ’മൾട്ടിവിറ്റാമിൻ’ ടോണിക്ക് തന്നാൽ നമുക്ക് ആവശ്യമുള്ള എല്ലാ ജീവകങ്ങളും നമുക്ക് ലഭിക്കും. കുലദേവതയുടെ നാമജപം ’മൾട്ടിവിറ്റാമിൻ’ പോലെയാണ്. നമുക്ക് ആവശ്യമുള്ള ദേവതാതത്ത്വത്തിന്‍റെ അളവ് നമ്മളിൽ വർധിപ്പിക്കുന്നു.
പഞ്ചമഹാഭൂതങ്ങളിൽ ഭൂമിയുമായി ബന്ധപ്പെട്ടതായതിനാൽ കുലദേവതയുടെ ഉപാസന തുടങ്ങുന്പോൾ ആർക്കും ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.
കുടുംബത്തിൽ കുലദേവനും ദേവിയും രണ്ടും ഉണ്ടെങ്കിൽ കുലദേവിയുടെ നാമം ജപിക്കുക. അച്ചനും അമ്മയും രണ്ടു പേരിലും അമ്മയെ ആണ് കുട്ടി ആദ്യം വിളിക്കുന്നത്. അത് പോലെയാണ് ഇവിടെയും.
4C. കുലദേവതയുടെ നാമം എങ്ങനെ ജപിക്കണം?
നാം ഒരു വ്യക്തിയെ അബിസംബോധന ചെയ്തു സംസാരിക്കുന്പോൾ അവരുടെ പേര് മാത്രമായി ഉച്ചരിക്കാതെ അതിൽ ശ്രീ., ശ്രീമതി. എന്നിവ ചേർക്കുന്നു. അതേ പോല കുലദേവതയുടെ നാമത്തിനു മുന്പ് ശ്രീ എന്നു ചേർക്കുക. സംസ്കൃത വ്യാകരണപ്രകാരം നാമത്തിനു ചതുർഥി പ്രത്യയം ചേർത്ത് അവസാനം നമഃ എന്ന് ഉച്ചരിക്കുക, ഉദാഹരണത്തിന് കുലദേവത വെങ്കടാചലപതി ആണെങ്കിൽ ശ്രീ വെങ്കടേശായ നമഃ എന്നും, കുലദേവത ദുർഗാദേവിയാണെങ്കിൽ ശ്രീ ദുർഗാദേവ്യൈ നമഃ എന്നും ചൊല്ലുക. കുലദേവൻ ശിവനാണെങ്കിൽ ’നമഃ ശിവായ’ എന്നു ജപിക്കുക.
കുലദേവത ആരാണെന്ന് അറിയില്ലെങ്കിൽ കുടുംബത്തിലെ മുതിർന്ന കാരണവർമാരോടോ, ബന്ധുക്കളോടോ, ചോദിച്ച് അറിയുവാൻ ശമ്രിക്കുക. അതുവരെ ശ്രീ കുലദേവതായൈ നമഃ എന്നു ജപിക്കുക. ഭക്തിഭാവത്തോടെ കൂറച്ചു നാളുകൾ ഈ നാമം ജപിക്കുന്പോൾ കുലദേവതയെക്കുറിച്ച് എന്തെങ്കിലും സൂചന കിട്ടും.
വിവാഹം കഴിയുന്പോൾ സ്ത്രീകൾ സ്വന്തം വീട്ടിലെ എല്ലാം ത്യജിച്ച് ഭർതൃഗൃഹത്തിൽ വരുന്നു. ഇത് ഒരർഥത്തിൽ അവരുടെ പുനർജന്മമാണ്. ആയതിനാൽ വിവാഹിതരായ സ്ത്രീകൾ ഭർത്താവിന്‍റെ കുലദേവതയുടെ നാമം ജപിക്കുക.
നമ്മുടെ കുലദേവതയുടെ നാമം പരമാവധി, ഏതു നേരവും ജപിക്കുവാനായി ശമ്രിക്കണം. ഈ നാമം ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ജപിക്കണം. നാമജപത്തിന് ശുദ്ധിയോ, സ്ഥലമോ സമയമോ നോക്കേണ്ട ആവശ്യമില്ല. ഏതു നേരവും ജപിക്കാം. സമയം കിട്ടുന്പോഴെല്ലാം ജപിക്കാം. പാചകം ചെയ്യുന്പോൾ, വണ്ടി ഓടിക്കുന്പോൾ, ടിവി കാണുന്പോൾ എന്നിങ്ങനെ ഏതു പ്രവർത്തി ചെയ്യുന്പോഴും ജപിക്കുവാൻ ശമ്രിക്കുക.
4D. നാമജപ സാധന മാത്രമാണ് അഖണ്ഡമായ സാധന
അനന്തസ്വരൂപിയായ പരമേശ്വരനിൽ ലയിച്ചു ചേരണമെങ്കിൽ 24 മണിക്കൂറും സാധന ചെയ്യണം. ജ്ഞാനയോഗം അനുസരിച്ചുളള വേദോപനിഷത്തുകളുടെ അധ്യയനം, കർമയോഗപ്രകാരമുള്ള ധ്യാന-ധാരണ, ത്രാടകം, പ്രാണായാമം, ഭക്തിയോഗത്തിലുള്ള പൂജ, ഭജന, കീർത്തനം എന്നിവ 24 മണിക്കൂറും ചെയ്യുവാൻ കഴിയില്ല പക്ഷേ നാമജപം 24 മണിക്കൂറും ചെയ്യുവാൻ കഴിയും. സാധന നിരന്തരമായി അവിരാമമായി ചെയ്യണമെങ്കിൽ നാമജപത്തിലൂടെ മാത്രമേ സാധിക്കൂ. അതുകൊണ്ടാണ് ഇതിനെ സർവോത്തമമായ സാധന എന്നു പറയുന്നത്.