പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 4

പ്രതികൂല സമയങ്ങളെ എങ്ങനെ അതിജീവിക്കാം
എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു !

ഭാഗം 3 വായിക്കുന്നതിനായി, ഇവിടെ ക്ലിക്ക് ചെയ്യുക – പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 3

പരാത്പര ഗുരു (ഡോക്ടർ) ജയന്ത് ആഠവലെ,
ആപത്തുകാലത്ത് മാനവരാശിയുടെ അതിജീവനത്തിനു
വേണ്ടി കർമ്മനിരതനായ ഒരേയൊരു ദീർഘദർശി !

പരാത്പര ഗുരു (ഡോക്ടർ) ആഠവലെ

ഈ വിഷയത്തെക്കുറിച്ചുള്ള നമ്മുടെ മുൻ ലേഖനങ്ങളിൽ ഭൂമികുലുക്കം, വെള്ളപ്പൊക്കം മൂന്നാം ലോക മഹായുദ്ധം, കൊറോണ മുതലായ ആപത്ത്‌കാലങ്ങളെ അതിജീവിക്കുന്നതിനു വേണ്ടി ഞങ്ങൾ മൺപാത്രങ്ങൾ, വിറക് അടുപ്പ്, ജൈവവാതകം ഇവ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനും പഴം-പച്ചക്കറി ഇവയുടെ കൃഷിയെ കുറിച്ചും മനസ്സിലാക്കി.

മൂന്നാം ലേഖനത്തില്‍ നാം ദീർഘകാലം കേടുകൂടാതെ ഇരിക്കുന്ന ഭക്ഷണങ്ങളെക്കുറിച്ച് മനസ്സിലാക്കി.

ഈ ലേഖനത്തിൽ ജലവും വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അതായത്, ജലസ്രോതസ്സുകൾ‌, ജലസംഭരണത്തിനും ശുദ്ധീകരണത്തിനുമുള്ള മാർ‌ഗ്ഗങ്ങൾ‌, വൈദ്യുതിക്കുള്ള ഇതരമാര്‍ഗം‌ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു.

 

3. പ്രതികൂല സമയങ്ങളെ നേരിടാൻ
വിവിധ ഭൗതിക തല തയ്യാറെടുപ്പുകൾ

3 B. ജല ക്ഷാമം തടയാൻ ഇത് ചെയ്യുക

3 B 1. പ്രതികൂല സമയങ്ങളിൽ ജലദൗർലഭ്യം ഉണ്ടാകാതിരിക്കാൻ, ഒരു കിണർ (വലുതോ ചെറുതോ) ഉടനടി കുഴിക്കുക; ഇത് സാധ്യമല്ലെങ്കിൽ ഒരു കുഴൽക്കിണർ കുഴിക്കുക

ചില ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും മെട്രോപൊളിറ്റൻ നഗരങ്ങളിലേക്കും ഒരു ഡാമിൽ നിന്നോ തടാകത്തിൽ നിന്നോ പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ മുതലായവ വെള്ളം വിതരണം ചെയ്യുന്നു. പ്രതികൂല സമയങ്ങളിൽ, പമ്പിംഗ് സ്റ്റേഷനുകളിലേക്കുള്ള വൈദ്യുതി വിതരണം തകരാറിലാകുക, കനത്ത മഴയെത്തുടർന്ന് അണക്കെട്ടിന് ഹാനി സംഭവിക്കുക, ജലസംഭരണികളായ തടാകങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ അപര്യാപ്തമായ മഴ തുടങ്ങിയവ മൂലം ടാപ്പ്-ജലവിതരണം തടസ്സപ്പെടും. അത്തരം സാഹചര്യങ്ങളിൽ വാട്ടർ ടാങ്കറുകളിലൂടെ വെള്ളം എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നു; പ്രതികൂല സമയങ്ങളിൽ ഇന്ധനക്ഷാമം മൂലം വാട്ടർ ടാങ്കറുകളുടെ ഗതാഗതവും നിർത്തിയേക്കാം. വരൾച്ചക്കാലത്ത് ഗ്രാമ നദികൾ വറ്റിപ്പോകും. ഇവയെല്ലാം കണക്കിലെടുത്ത്, നിങ്ങളുടെ വീടിനടുത്തുള്ള ഭൂഗർഭ ജലസ്രോതസ്സുള്ള ഒരു സ്ഥലം കണ്ടെത്തി ഒരു കിണർ കുഴിക്കുക. ഇത് സാധ്യമല്ലെങ്കിൽ, ഒരു കുഴൽ കിണർ കുഴിക്കുക. കുഴൽക്കിണറിനേക്കാൾ നല്ലതാണ് കിണര്‍, കാരണം പ്രതികൂല സമയങ്ങളിൽ പമ്പുകൾ നന്നാക്കാൻ സ്പെയർ പാർട്സ്, മെക്കാനിക് തുടങ്ങിയവ ലഭിക്കുന്നത് ബുദ്ധിമുട്ടാണ്. കിണറോ, കുഴൽക്കിണറോ കുഴിക്കുന്നതിന് മുമ്പ്, ഭൂഗർഭജല വിതരണം കണ്ടെത്തുന്നതിന് ഒരു വിദഗ്ദ്ധനെ സമീപിക്കുക. ആ സ്ഥലത്ത് വെള്ളം കണ്ടെത്തുമെന്ന് ഉറപ്പാണെങ്കിൽ മാത്രം പണം നിക്ഷേപിക്കുക. കിണറിലോ കുഴൽക്കിണറിലോ ധാരാളം വെള്ളം ഉണ്ടെങ്കിൽ അത് കൃഷി, ഹോർട്ടികൾച്ചർ മുതലായവയ്ക്ക് ഉപയോഗിക്കാം.

3 B 1 A.  ഭൂഗർഭജലനിരപ്പ് വർദ്ധിപ്പിക്കുന്നതിന് ചെയ്യാവുന്ന കാര്യങ്ങള്‍

അപര്യാപ്‌തമായ മഴ, അമിതമായ പമ്പിംഗ് മുതലായവ കാരണം ഭൂഗർഭജലനിരപ്പ് കുറയുന്നു. മുന്നോട്ട് വിശദീകരിക്കുന്ന നടപടികൾ സ്വീകരിച്ചാൽ ഭൂഗർഭജലനിരപ്പ് വർദ്ധിപ്പിക്കാൻ സാധിക്കും. ഇത് ചുറ്റുമുള്ള പ്രദേശങ്ങളിലെ കിണറുകൾക്കും കുഴൽക്കിണറുകൾക്കും കൂടുതൽ വെള്ളം ലഭിക്കുന്നതില്‍ സഹായകമാകുന്നു. ഗ്രാമതലത്തിൽ അരുവികൾക്ക് കുറുകെ ഡാമുകൾ പണിയുക, നദിയുടെ അടിത്തട്ട് ഉഴുകുക തുടങ്ങിയ നടപടികൾ കൂട്ടായി ചെയ്യാൻ ശ്രമിക്കുക. അത്തരം പ്രവൃത്തികൾക്ക് പ്രാദേശിക സർക്കാർ ഓഫീസിൽ നിന്ന് അനുമതി വാങ്ങുക.

3 B 1 A 1. സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്തുക

ഒന്നുകിൽ വ്യക്തിപരമായോ അല്ലെങ്കിൽ കൂട്ടായോ, ഗ്രാമവാസികൾ, ‘വെള്ളം ശേഖരിക്കുക, സംരക്ഷിക്കുക’ പദ്ധതി പോലുള്ള സർക്കാർ പദ്ധതികൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കണം.

3 B 1 A 2. വിവിധ സ്ഥലങ്ങളിൽ അരുവികളിൽ ചെറിയ ഡാമുകൾ നിർമ്മിക്കുക.

3 B 1 A 3. ഗ്രാമത്തിലൂടെ ഒഴുകുന്ന നദിയുടെ അടിത്തട്ട് ഉഴുകുക.

‘എല്ലാ വർഷവും മഴക്കാലത്ത് മഴയിലെ ചെളി വെള്ളത്തിൽ നിന്ന് മണ്ണിന്‍റെ കണങ്ങൾ നദിയുടെ അടിത്തട്ടിലെ മണലിൽ ശേഖരിക്കും. വർഷം തോറും മണ്ണിന്‍റെ കണങ്ങൾ ശേഖരിക്കുന്നതിലൂടെ നദിയുടെ അടിത്തട്ടിലെ മണലിനു മുകളിൽ മണ്ണ് നിറയും. ഇത് മണലിന്‍റെ സുഷിരത്തെ തടയുകയും നദിയുടെ അടിത്തട്ടിൽ നിന്ന് ഭൂഗർഭജലത്തിലേക്ക് വെള്ളം ഒഴുകുന്നത് തടയുകയും ചെയ്യുന്നു. തൽഫലമായി, ചുറ്റുമുള്ള പ്രദേശത്തെ ഭൂഗർഭജലനിരപ്പ് വർഷം തോറും കുറയുന്നു. ഇതിനുള്ള പരിഹാരമായി, ചില ഗ്രാമങ്ങൾ പുഴയുടെ അടിഭാഗം ഉഴുകുന്ന പരീക്ഷണം നടത്തി. അത് വിജയകരമായിരുന്നു. അതിനെക്കുറിച്ച് വിശദമായ വിവരങ്ങൾ മുന്നോട്ട് നൽകിയിരിക്കുന്നു.

A. ഗോമയി നദിയുടെ തീരത്ത് താമസിക്കുന്ന ഗ്രാമീണർ നദിയുടെ അടിത്തട്ട് ഉഴുതുമറിച്ച് അങ്ങനെ ജലത്തിന്‍റെ ഊറല്‍ വർദ്ധിപ്പിച്ച്, ഭൂഗർഭജലനിരപ്പ് വിജയകരമായി ഉയർത്തി.

മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിലെ, ഷഹാദ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ദംബാർഖെഡ ഗ്രാമത്തിൽ മുകളിൽ വിവരിച്ചതു പോലെയുള്ള സ്ഥിതി ആയിരുന്നു. ഗോമയി നദിയുടെ തീരത്താണ് ദംബാർഖെഡ സ്ഥിതി ചെയ്യുന്നത്. ഈ നദിയിൽ വർഷത്തിൽ 4 – 6 മാസം വെള്ളമുണ്ടാകും. എന്നിട്ടും ദംബാർഖെഡയിലെ കിണറുകളിലും കുഴൽക്കിണറുകളിലുമുള്ള ജലനിരപ്പ് 500 മുതൽ 700 അടി വരെ ആഴത്തിൽ എത്തിയിരുന്നു. ഒരു പരിഹാരമെന്ന നിലയിൽ, ട്രാക്ടറുകൾ, തടിയുടെ കലപ്പകൾ, ഇരുമ്പ് കലപ്പകൾ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് ഗ്രാമവാസികൾ വേനൽക്കാലത്ത് വരണ്ട നദിയുടെ അടിത്തട്ടിൽ ഒഴുക്കിന് കുറുകെയും നെടുകെയും ഉഴുതു. തന്മൂലം, മഴക്കാലത്ത് നദിയുടെ അടിത്തട്ടിലൂടെ ധാരാളം വെള്ളം ഭൂഗർഭജലത്തിലേക്ക് ഒഴുകി. മഴ പെയ്ത് 24 മണിക്കൂറിനുള്ളിൽ കിണറുകളിലെയും കുഴൽക്കിണറുകളിലെയും ജലനിരപ്പ് 500 മുതൽ 700 അടിയിൽ നിന്ന് 90 അടി വരെ ഉയർന്നു.

പിന്നീട്, ഗോമയി നദിയുടെ തീരത്തുള്ള പല ഗ്രാമങ്ങളിലെയും ഗ്രാമീണർ (മധ്യപ്രദേശിലെ ഖേതിയ വരെ) നദിയുടെ അടിത്തട്ട് ഉഴുതുമറിച്ച് വെള്ളം ഒഴുകിപ്പോകുന്നതിനുപകരം ഭൂഗർഭജലത്തിലേക്ക് ഒഴുകിപ്പോകാൻ വഴിയുണ്ടാക്കി. ‘(സന്ദർഭം : വാട്ട്‌സ്ആപ്പിൽ നിന്ന് ലഭിച്ച ലേഖനം).

3 B 1 B. ചില നിർദ്ദേശങ്ങൾ

1. സാമ്പത്തിക ബുദ്ധിമുട്ടാണെങ്കിൽ, കുറച്ച് കുടുംബങ്ങൾക്ക് കൂട്ടായി ഒരു കിണറോ, കുഴൽക്കിണറോ കുഴിക്കാം.

2. വെള്ളം സ്വമേധയാ ശേഖരിക്കാൻ കിണറ്റിൽ കപ്പിയും കയറും പിടിപ്പിക്കുക. കപ്പിയും കയറും ഉപയോഗിച്ച്  വെള്ളം കോരാൻ നമ്മള്‍ ശീലമാക്കണം. കയറിന് തേയ്‌മാനം സംഭവിക്കുകയാണെങ്കിൽ ഉപയോഗിക്കാൻ വേറെ കയർ വാങ്ങി വയ്ക്കുക. സാധ്യമെങ്കിൽ ഒരു സോളാർ പമ്പ് പിടിപ്പിക്കുക. സോളാർ പമ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, കപ്പിയും കയറും  മാറ്റാതിരിക്കുക. കാരണം മഴക്കാലത്ത് സൗരോർജ്ജ പമ്പ് ഉപയോഗശൂന്യമാകും.

3. നിലവിലുള്ള കിണറ്റിലെ വെള്ളം മഴക്കാലം ആരംഭിക്കുന്നത് വരെ നീണ്ടുനിൽക്കുന്നില്ലെങ്കിൽ, വിദഗ്ദ്ധരെ സമീപിച്ച് അതിന്‍റെ ആഴം വർദ്ധിപ്പിക്കുക. അങ്ങനെ മഴക്കാലം ആരംഭിക്കുന്നതുവരെ നിങ്ങൾക്ക് ആവശ്യത്തിന് വെള്ളം ലഭിക്കും.

4. കുഴൽക്കിണർ ഉണ്ടെങ്കിൽ ഒരു ഇലക്ട്രിക് പമ്പിന് പുറമേ ഒരു സോളാർ പമ്പും ഹാൻഡ് പമ്പും പിടിപ്പിക്കുക. പുതിയ കിണറ്റിലും ഈ സൗകര്യങ്ങൾ  ചെയ്തെടുക്കുക.

5. മനുഷ്യന്‍റെ തെറ്റുകളിലൂടെ കിണറ്റിലെയും കുഴലിലെയും വെള്ളം മലിനമാകാതിരിക്കാൻ ശ്രദ്ധിക്കുക.

3 B 2. പ്രതികൂല സമയങ്ങളിൽ  കുടുംബത്തിന് കുറഞ്ഞത് 10-15 ദിവസത്തേക്ക് ആവശ്യമുള്ള വെള്ളം സംഭരിക്കാനുള്ള സൗകര്യം ചെയ്തു വയ്ക്കുക

പ്രതികൂല സമയങ്ങളിൽ, സർക്കാർ ലഭ്യമാക്കി തന്നിട്ടുള്ള ജലവിതരണ സൗകര്യങ്ങളിൽ തടസ്സം വരുകയോ കിണർ അല്ലെങ്കിൽ കുഴൽക്കിണറിൽ തകർച്ച  കാരണമോ വെള്ളത്തിന് ക്ഷാമം വന്നേക്കാം. അതിനാൽ കുറഞ്ഞത് 10-15 ദിവസമെങ്കിലും ഒരു കുടുംബത്തിന് നിലനിൽക്കാൻ ആവശ്യമായ വെള്ളം സംഭരിക്കുന്നതിന് വാട്ടർ ടാങ്കുകൾ സ്ഥാപിച്ച് വയ്ക്കുക.

3 B 3. വൈദ്യുതി വിച്ഛേദിക്കപ്പെട്ടാൽ വാട്ടർ പ്യൂരിഫയർ ഉപയോഗശുന്യമാകും. അതിനാൽ ജലശുദ്ധീകരണത്തിനായി വേറെ പരിഹാരങ്ങളും തയ്യാറാക്കി വയ്ക്കുക.
3 B 3 A. പകരമായി  ക്യാൻഡിൽ ഫിൽറ്റർ ഉപയോഗിക്കാം.
3 B 3 B. വെള്ളം ശുദ്ധീകരിക്കാൻ സ്ഫടിക കാരം (alum) ഉപയോഗിക്കുക
സ്ഫടിക കാരം

ഒരു വീപ്പയിലോ വലിയ പാത്രത്തിലോ സൂക്ഷിച്ചിരിക്കുന്ന ചെളി വെള്ളം കുടിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ ഉപയോഗിക്കേണ്ടി വന്നാൽ, താഴെ പറയും പ്രകാരം സ്ഫടിക കാരം ഉപയോഗിച്ച് ജലം ശുദ്ധമാക്കുക.

3 – 4 സെ.മീ. വലിപ്പത്തിൽ (നാരങ്ങ വലുപ്പം) ഒരു സ്ഫടിക കാരത്തിന്‍റെ കഷണം എടുക്കുക. കൈകൾ വൃത്തിയായി കഴുകിയതിനു ശേഷം കാരത്തിന്‍റെ കഷണം കൈയ്യിൽ പിടിച്ച് വീപ്പയിലോ വലിയ പാത്രത്തിലോ സൂക്ഷിച്ചിരിക്കുന്ന ചെളി വെള്ളത്തിൻറെ ഉപരിതലത്തിൽ ഘടികാരദിശയിൽ 2-3 തവണ ചലിപ്പിക്കുക. തുടർന്ന് തിരിച്ചും 2-3 തവണ ചലിപ്പിക്കുക . തത്ഫലമായി, വെള്ളത്തിലെ ചെളി 3-4 മണിക്കൂറിനുള്ളിൽ പാത്രത്തിന്‍റെ അടിയിൽ ഊറും. ജലം പൂർണ്ണമായും ശുദ്ധീകരിക്കാൻ ഒരു ദിവസം മുഴുവൻ എടുക്കും.

വെള്ളം പൂർണ്ണമായും ശുദ്ധമാകുന്നതുവരെ അനക്കരുത്, അല്ലാത്തപക്ഷം അടിയിൽ ഊറിയിരിക്കുന്ന ചെളി ഇളകി ഉയർന്നു വരും.
വീപ്പയിലോ വലിയ പാത്രത്തിലോ ഉള്ള ശുദ്ധീകരിച്ച വെള്ളം  ഉപയോഗിക്കുന്നതിനായി വളരെ ശ്രദ്ധയോടുകൂടി മറ്റൊരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷിക്കുന്ന ചെളി വെള്ളം ചെടികൾ നനയ്ക്കാൻ ഉപയോഗിക്കുക.

3 B 3 C. വെള്ളം ഫിൽറ്റർ ചെയ്ത് തിളപ്പിച്ച് ഉപയോഗിക്കുക

സംഭരണ പാത്രത്തിൽ കുടിവെള്ളം നിറയ്ക്കുന്നതിന് മുമ്പ്, കട്ടിയുള്ളതും കഴുകിയതുമായ കോട്ടൺ തുണി വീപ്പയുടെയോ പാത്രത്തിന്‍റെയോ വായയിൽ കെട്ടി, അതിലൂടെ വെള്ളം അരിച്ചെടുക്കുക. അരിച്ചെടുത്ത വെള്ളം പാചകത്തിന് ഉപയോഗിക്കാം. വെള്ളം അരിക്കാൻ ഉപയോഗിക്കുന്ന തുണി ശരിയായി കഴുകി ഉണക്കണം. വെള്ളം അരിക്കാൻ മാത്രം ഈ തുണി ഉപയോഗിക്കുക.
ഇങ്ങനെ അരിച്ച വെള്ളവും തിളപ്പിച്ചതിനുശേഷം മാത്രം കുടിക്കാൻ ഉപയോഗിക്കുക.

3 B 3 D. ഇൻബിൽറ്റ് വാട്ടർ പ്യൂരിഫയറോട് കൂടിയ ഒരു വാട്ടർ ബോട്ടിൽ ഉപയോഗിക്കുക.

അത്തരമൊരു കുപ്പിയിൽ അശുദ്ധമായ വെള്ളം നിറച്ചാൽ, കുറച്ച് സമയത്തിന് ശേഷം വെള്ളം സ്വയമേവ ശുദ്ധീകരിക്കപ്പെടുകയും കുടിവെള്ളമാവുകയും ചെയ്യും. പെട്ടെന്നുള്ള യാത്രയ്ക്കിടയിലോ പ്രതികൂല സമയങ്ങളിൽ അപരിചിതമായ സ്ഥലത്ത് താമസിക്കുമ്പോഴോ അത്തരമൊരു കുപ്പി വളരെ ഉപയോഗപ്രദമാണ്; കാരണം, ഓരോ തവണയും കുടിവെള്ളം ലഭിക്കുമെന്ന് ഉറപ്പില്ലായിരിക്കാം. അത്തരമൊരു കുപ്പി പ്യൂരിഫയറിന് ഏകദേശം 500 രൂപ വില ഉണ്ടാകും. ഇത് ഓൺലൈനിൽ ലഭ്യമാണ്.

3 B 4. വൈദ്യുതി ക്ഷാമം കാരണം വാട്ടർ കൂളറുകൾ ഉപയോഗിക്കാൻ സാധിക്കാതെ വരും, ആയതിനാൽ തണുത്ത വെള്ളത്തിന് ചില എളുപ്പമാർഗ്ഗങ്ങളെക്കുറിച്ച് ചിന്തിക്കുക
3 B 4 A. മൺപാത്രം അല്ലെങ്കിൽ കലം ഉപയോഗിക്കുക

‘ഗ്രാമങ്ങളിൽ ആളുകൾ വെള്ളം തണുപ്പിക്കാൻ വലിയ മൺകലങ്ങൾ ഉപയോഗിക്കുന്നു. വീട്ടിൽ ഒരു കുഴി കുഴിച്ച് ഈ വലിയ കലം ചരിച്ച് കുഴിച്ചിടുന്നു. ഈ മൺകലം തറയിൽ നിന്ന് ഏകദേശം 1 അടി ഉയരത്തിൽ ആയിരിക്കണം. പാത്രം ചരിച്ച് കുഴിച്ചിടുന്നത് വെള്ളം നീക്കം ചെയ്യാനും വൃത്തിയാക്കാനും സഹായത്തിനാണ്.

3 B 4 B. നനഞ്ഞ തുണി ഉപയോഗിച്ച് കുപ്പി, ചെമ്പ് പാത്രം അല്ലെങ്കിൽ വീപ്പ വളരെ മുറുകെ പൊതിയുക.

കുപ്പി, ചെമ്പ് പാത്രം അല്ലെങ്കിൽ വീപ്പ, നനച്ച തുണി ഉപയോഗിച്ച് പൊതിയുക. 3-4 മണിക്കൂറിനുള്ളിൽ വെള്ളം തണുക്കും. തുണി ഉണങ്ങുമ്പോൾ വീണ്ടും നനച്ച് പൊതിയുക. വെള്ളം തണുത്ത് ഇരിക്കുന്നതിനായി ഇത് ആവർത്തിച്ച് ചെയ്തു കൊണ്ട് ഇരിക്കുക.
– പൂജനീയ വൈദ്യ വിനയ് ഭാവേ, സനാതൻ ആശ്രമം, രാംനാഥി, ഗോവ. (10.12.2019)

3 B 5. ജലത്തിന്‍റെ ഉപഭോഗത്തെക്കുറിച്ചുള്ള ചില നിർദ്ദേശങ്ങൾ
3 B 5 A. വെള്ളം സുക്ഷിച്ച് ഉപയോഗിക്കുക

1. വീട്ടിലെ മുതിർന്നവർ മുതൽ കുട്ടികൾ വരെ എല്ലാവരും പല്ല് തേയ്ക്കുക, കുളിക്കുക, പാത്രം കഴുകുക, വസ്ത്രങ്ങൾ കഴുകുക, കാർ കഴുകുക എന്നിങ്ങനെയുള്ള നിത്യ കർമ്മങ്ങൾ ചെയ്യുമ്പോൾ വളരെ സൂക്ഷിച്ച് വെള്ളം ഉപയോഗിക്കുന്നത് ഒരു ശീലമാക്കണം.

2. വീട്ടു മുറ്റത്തെ ചെടികളെ നനയ്ക്കുന്നതിനോ കൃഷി ചെയ്യുന്നതിനോ ഡ്രിപ്പ് അല്ലെങ്കിൽ സ്പ്രിംക്ലർ സംവിധാനം ഉപയോഗിക്കുക.

3. വേനൽക്കാലത്ത് ഉണങ്ങിയ ഇലകളോ പുല്ലുകളോ ഉപയോഗിച്ച് സസ്യങ്ങളുടെ അടിഭാഗത്തുള്ള മണ്ണ് മൂടുക. ഇത് മണ്ണിൽ നിന്നുള്ള ബാഷ്പീകരണം തടയും. അങ്ങനെ വെള്ളം ലാഭിക്കാം.

3 B 5 B. വീപ്പകളിൽ മഴവെള്ളം ശേഖരിക്കുക

മഴക്കാലത്ത് വീടിന്‍റെ മേൽക്കൂരയിൽ നിന്ന് വീഴുന്ന വെള്ളത്തിന് താഴെ ഒരു വീപ്പ സൂക്ഷിക്കുക. ഈ വെള്ളം വീട്ടിൽ പല ആവശ്യങ്ങൾക്കും ഉപയോഗിക്കാം.

3 C. വൈദ്യുത വിതരണത്തിൽ തടസ്സങ്ങളുണ്ടാകുമ്പോൾ
ഇനിപ്പറയുന്ന കാര്യങ്ങൾ പരിഗണിക്കുക

പ്രതികൂല സമയങ്ങളിൽ വൈദ്യുതി വകുപ്പിന്‍റെ വൈദ്യുതി വിതരണത്തിൽ തടസ്സമുണ്ടാകാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. കൊടുങ്കാറ്റിൽ ദീർഘനേരം വൈദ്യുതി മുടക്കം ഉണ്ടാകും. ലൈറ്റുകൾ, ഫാനുകൾ മുതലായ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നില്‍ക്കുന്നത് മൂലമുണ്ടാകുന്ന അസൗകര്യം ഒഴിവാക്കാനും, അതുപോലെ തന്നെ ജോലി തടസ്സപ്പെടുത്താതിരിക്കാനും, ചില മുൻകരുതലുകൾ ഇവിടെ നൽകുന്നു. ഇവയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുകയും കൂടുതൽ കാലം വൈദ്യുതി നൽകുന്ന ഉപകരണങ്ങൾ തിരഞ്ഞെടുക്കുകയും ചെയ്യുക. പ്രതികൂല സമയത്തിനുശേഷവും അവ ഉപയോഗപ്രദമാകും.

3 C 1. സോളാർ പാനലിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുക
സോളാര്‍ പാനലുകള്‍

വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി സോളാർ പാനൽ സ്ഥാപിക്കാവുന്നതാണ്. ഈ പാനലിന് മേൽക്കൂരയിൽ കുറഞ്ഞത് 100 ചതുരശ്ര അടി വിസ്തീർണ്ണം ആവശ്യമാണ്, മാത്രമല്ല സൂര്യപ്രകാശം ലഭിക്കുന്നതിൽ തടസ്സമുണ്ടാകാതിരിക്കുകയും വേണം. സോളാർ പാനലുകൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ, ദിവസം മുഴുവൻ വൈദ്യുതി ഉത്പാദിപ്പിക്കുകയും ബാറ്ററികൾ ചാർജ് ചെയ്യുകയും ചെയ്യും. ചില കാരണങ്ങളാൽ ഇലക്ട്രിസിറ്റി ബോർഡിൽ നിന്നുള്ള വൈദ്യുതി വിതരണം നിർത്തുകയോ അല്ലെങ്കിൽ  വിച്ഛേദിക്കപ്പെടുകയോ ചെയ്താൽ, വീട്ടിലെ ഉപകരണങ്ങൾ, ലൈറ്റുകൾ, ഫാനുകൾ, ഫ്രിഡ്ജ് തുടങ്ങിയവയ്ക്കായി സൗരോർജ്ജ ഉപയോഗിക്കാം. സോളാർ യൂണിറ്റിന്‍റെ ഉൽപ്പന്നം അധികമായിരിക്കുമ്പോൾ ടോർച്ചുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന സൈക്കിൾ, സ്കൂട്ടർ, കാർ എന്നിവയും ചാർജ് ചെയ്യാം. ഓടിട്ടതോ സ്ലാബോ ഉള്ള വീടിന് അതിന്‍റെ മേൽക്കൂരയിൽ  സോളാർ പാനൽ സ്ഥാപിക്കാൻ കഴിയും. ഫ്ലാറ്റ് ഉടമകൾക്കും ഒരുമിച്ച് അവരുടെ ഫ്ലാറ്റിനു മുകളിൽ (ടെറസിൽ) സോളാർ പാനൽ സ്ഥാപിക്കാൻ കഴിയും.

സോളാർ പാനൽ ഉൽ‌പാദിപ്പിക്കുന്ന അധിക വൈദ്യുതി ഇലക്ട്രിസിറ്റി ബോർഡ് വാങ്ങുന്നു. സൗരോർജ്ജ ഉൽ‌പാദന യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് സർക്കാർ സബ്‌സിഡിയും നൽകുന്നു.

സോളാർ പാനലിനുള്ള സബ്സിഡിയും ഇളവുകളും വീടുകൾ, കടകൾ മുതലായവയ്ക്ക് മാത്രമേ ലഭ്യമാകൂ.

സൗരോർജ്ജ ഉൽ‌പാദന യൂണിറ്റുകളെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്കായി ഡീലറുമായി ബന്ധപ്പെടുക.

3 C 1 B. ജനറേറ്റർ സെറ്റ് ഉപയോഗിക്കുക
3 C 1 C. കൈകൊണ്ട് പ്രവർത്തിക്കുന്ന ജനറേറ്റർ സെറ്റ്

ഒരു മൊബൈൽ ഫോണിന്‍റെ ബാറ്ററി ചാർജ് ചെയ്യാനുള്ള ശേഷി ഇതിന് ഉണ്ടാകും.

3 C 1 D. എഞ്ചിൻ  ഉപയോഗിച്ച്   പ്രവർത്തിപ്പിക്കുന്ന ജനറേറ്റർ സെറ്റ്

ഈ ജനറേറ്റർ സെറ്റുകൾ പെട്രോൾ, ഡീസൽ അല്ലെങ്കിൽ ഗ്യാസ് എന്നിവയിൽ പ്രവർത്തിക്കുന്നു. കുറച്ച് കിലോ വാട്ട്സ് (1 കിലോവാട്ട് = 1,000 വാട്ട്സ്) ഉത്പാദിപ്പിക്കാനുള്ള ശേഷി അവയ്ക്കുണ്ട്.

3 C 1 E. തുടർച്ചയായ വൈദ്യുതി ലഭിക്കുന്നതിന് യുപി‌എസ് (തടസ്സമില്ലാത്ത വൈദ്യുതി വിതരണം) ഇൻസ്റ്റാൾ ചെയ്യാവുന്നതാണ്.

ഇലക്ട്രിസിറ്റി ബോർഡിൽ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെടുകയാണെങ്കിൽ, യുപിഎസ്, സ്വയമേവ  ബാറ്ററികളിൽ നിന്ന് തടസ്സം കൂടാതെ വൈദ്യുതി വിതരണം ചെയ്യുന്നു. ബാഹ്യ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു കഴിഞ്ഞാൽ, ഈ സിസ്റ്റം സ്വയമേവ ചാർജിംഗ് മോഡിലേക്ക് പോയി ഡിസ്ചാർജ് ചെയ്ത ബാറ്ററികൾ ചാർജ് ചെയ്യുന്നു. പവർകട്ട് കുറച്ച് മണിക്കൂർ നേരത്തെക്ക് തുടരുകയാണെങ്കിൽ ഈ സംവിധാനം സഹായകരമാണ്.

3 C 1 F. കാറ്റാടിയന്ത്രത്തിലൂടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നു.

കഴിഞ്ഞ നൂറ്റാണ്ടിൽ, കെട്ടിടങ്ങളുടെ രൂപകൽപ്പന ഘട്ടത്തിൽ തന്നെ ഉയരമുള്ള കെട്ടിടങ്ങളിൽ കാറ്റാടി മില്ലുകൾ സ്ഥാപിക്കുക എന്ന ആശയത്തോടെ  ചില രാജ്യങ്ങളിൽ അത് നടപ്പാക്കി. എന്നിരുന്നാലും, വർഷം മുഴുവൻ ഉള്ള കാറ്റിന്‍റെ ലഭ്യതയ്ക്ക് പുറമെ ടർബൈനിന്‍റെ ശബ്ദവും അതിന്‍റെ പ്രവർത്തന സമയത്ത് ഉണ്ടാകുന്ന സ്പന്ദനങ്ങളും ഈ ആശയത്തെ ലാഭമില്ലാത്തതും ജനപ്രീതിയില്ലാത്തതും ആക്കി
മാറ്റി. വലിയ വൈദ്യുതി ഉൽപാദനത്തിനായി, ഒരു പർവതത്തിലോ പീഠഭൂമിയിലോ കാറ്റാടിയന്ത്രങ്ങൾ സ്ഥാപിക്കണം.

സൗരോർജ്ജവുമായി താരതമ്യപ്പെടുത്തുമ്പോൾ, കാറ്റാടിയന്ത്രങ്ങളിലൂടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് നിരവധി പരിമിതികളുണ്ട്. കൂടാതെ, ഒരു കാറ്റാടിയന്ത്രം ഉപയോഗിച്ച് വൈദ്യുതി  ഉൽപാദിപ്പിക്കുന്നതിന്‍റെ സങ്കീർണ്ണമായ സ്വഭാവം കാരണം ഒരു വിദഗ്ദ്ധന്‍റെ മാർഗ്ഗനിർദ്ദേശ  പ്രകാരം കൃത്യമായി ചെയ്യേണ്ടതുണ്ട്.

3 C 1 G. വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യുന്ന എൽഇഡി ലൈറ്റ്, ടോർച്ച്, ട്യൂബ് മുതലായ ഉപകരണങ്ങൾ

പൂർണ്ണമായും ചാർജ്ജ് ചെയ്ത എൽഇഡി ലൈറ്റ്, ടോർച്ച്, ട്യൂബ് തുടങ്ങിയവയ്ക്ക് കുറച്ച് മണിക്കൂർ വെളിച്ചം നൽകാൻ കഴിയും.

3 C H. മറ്റ് പരമ്പരാഗത ഉപകരണങ്ങൾ

മുകളിൽ സൂചിപ്പിച്ച ഉപകരണങ്ങൾക്ക് പരിമിതികളുണ്ട്; ഉദാഹരണത്തിന്, മേഘാവൃതമായ കാലാവസ്ഥയിൽ സൗരോർജ്ജം ഉത്പാദിപ്പിക്കുന്നത് ബുദ്ധിമുട്ടാണ്; പ്രതികൂല സമയങ്ങളിൽ ഇന്ധനക്ഷാമമുണ്ടെങ്കിൽ ജനറേറ്ററുകൾ പ്രവർത്തിക്കില്ല. അത്തരം സമയങ്ങളിൽ റാന്തൽ വിളക്ക്, മെഴുകുതിരി തുടങ്ങിയവ ഉപയോഗിക്കേണ്ടി വരും.

 

സന്ദ൪ഭം : സനാതന്‍റെ വരാനിരിക്കുന്ന ഗ്രന്ഥ പരമ്പര – ‘പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ’.

ഈ ശ്രേണിയിലെ അടുത്ത ലേഖനം വായിക്കാൻ – ഇവിടെ ക്ലിക്കു ചെയ്യുക !

ആപത്ത് കാലത്തെ എങ്ങനെ അതിജീവിക്കാം എന്നതിനെക്കുറിച്ച് സനാതൻ സംസ്ഥ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നു.

പ്രതികൂല സമയങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലുകൾ, ഭാഗം 5

(പകർപ്പവകാശം : സനാതൻ ഭാരതീയ സംസ്‌കൃതി സംസ്ഥ)