ഹനുമാന്‍റെ പല ക്ഷേത്രങ്ങളും ഭാരതത്തിലും വിദേശത്തുമുണ്ട്. ഓരോ ക്ഷേത്രങ്ങളിലെയും വിഗ്രഹത്തിന്‍റെ രൂപവും നിറവും വ്യത്യസ്തമായിരിക്കും. ഹനുമാന്‍റെ പ്രത്യേക സവിശേഷതകളെ ആസ്പദമാക്കിയാണ് വിഗ്രഹത്തിന്‍റെ നിറവും രൂപവും വ്യത്യസ്തമായിരിക്കുന്നത്. ഈ ലേഖനത്തിലൂടെ ഹനുമാന്‍റെ രൂപവും നിറവും ആസ്പദമാക്കിയുള്ള ഹനുമാന്‍റെ സവിശേഷതകളെക്കുറിച്ച് മനസ്സിലാക്കാം.
1. ഹനുമാന്‍റെ വിഗ്രഹത്തിന്‍റെ നിറം
ഹനുമാന്‍റെ രൂപത്തെ സംബന്ധിച്ച് വ്യത്യസ്തമായ അറിവുകളുണ്ട്. ഹനുമാന്‍റെ വിഗ്രഹം കൂടുതലായും ചുവപ്പു നിറത്തിലും അപൂർവമായി മാത്രം കറുപ്പു നിറത്തിലും കണ്ടുവരുന്നു. ഹനുമാന്‍റെ കറുപ്പുനിറം ശനിയുടെ പ്രഭാവത്താൽ ഉണ്ടായതായിരിക്കാം. ചുവപ്പുനിറമുള്ള ഹനുമാനെന്നു പറഞ്ഞാൽ സിന്ദൂരം പൂശിയിട്ടുള്ള ഹനുമാനാണ്. ഹനുമാന്‍റെ സിന്ദൂരത്തോടുള്ള താത്പര്യത്തെക്കുറിച്ചു പല കഥകളുമുണ്ട്.
A. ഒരു ദിവസം സീത സ്നാനം കഴിഞ്ഞ് നെറ്റിയിൽ സിന്ദൂരം തൊട്ടതു കണ്ടപ്പോൾ ഹനുമാൻ അതിന്‍റെ കാരണം ചോദിച്ചു. ’ഇതു തൊട്ടാൽ അങ്ങയുടെ സ്വാമിയുടെ ആയുസ്സു കൂടും’, എന്ന് സീത മറുപടി നൽകി. ഇതു കേട്ട് ഹനുമാൻ തന്‍റെ ശരീരം മുഴുവനും സിന്ദൂരം വാരിപ്പൂശി.
B. ഒരിക്കൽ ദ്രോണഗിരിയെ ഉയർത്തിക്കൊണ്ടു ലങ്കയിലേക്കു പോകുന്പോൾ ഭരതൻ ഹനുമാനെ അന്പെയ്തു. അന്പുകൊണ്ട് ഹനുമാന്‍റെ കാലിനു മുറിവുണ്ടായി. സിന്ദൂരവും എണ്ണയും പുരട്ടിയപ്പോൾ ആ മുറിവ് ഉണങ്ങി. അതിനാൽ ഹനുമാന് സിന്ദൂരവും എണ്ണയും പ്രിയമുള്ളതായി.
2. രൂപം
ആകാരവും മുഖവും അനുസരിച്ച് ഹനുമാന്‍റെ വിഗ്രഹങ്ങൾ സാധാരണയായി താഴെ പറയും പ്രകാരം കണ്ടുവരുന്നു.
A. പ്രതാപഹനുമാൻ

പ്രതാപ ഹനുമാന്‍റെ രൂപം വിശാലമായിരിക്കും. ഒരു കൈയിൽ ദ്രോണഗിരിയും മറുകൈയിൽ ഗദയോടുകൂടിയുമാണ് ഹനുമാന്‍റെ ഈ രൂപം.
B. ദാസഹനുമാൻ (ദാസ രൂപത്തിലുള്ള ഹനുമാൻ)

ശ്രീരാമന്‍റെ മുന്നിൽ കൈകൂപ്പി, ശിരസ്സ് കുനിച്ച്, വാല് നിലത്തു വച്ചുകൊണ്ടിരിക്കുന്ന രൂപത്തിലാണ് ദാസഹനുമാൻ.
C. വീരഹനുമാൻ

വീരഹനുമാന്‍റെ രൂപം യോദ്ധാവിനെപ്പോലെ വീരാസനത്തിലായിരിക്കും. ഇടതു കൈയിലിരിക്കുന്ന ഗദയുടെ മുകൾഭാഗം ഇടതു ചുമലു കൊണ്ടും ഇടതു കൈമുട്ട് ഇടതു തുടകൊണ്ടും താങ്ങിയിരിക്കുന്നു. വലത്തെ കാൽമുട്ട് മടക്കിയും വലത്തെ കൈ അഭയമുദ്രയിലും വാല് മുകളിലേക്ക് ഉയർന്നുമിരിക്കും. ചില സങ്കല്പങ്ങളിൽ കാലിനടിയിൽ രാക്ഷസനുണ്ടായിരിക്കും. ഭൂതബാധ, ദുർമന്ത്രവാദം എന്നീ ദോഷങ്ങൾ ഒഴിപ്പിക്കാൻ വീരഹനുമാനെ ഉപാസിക്കുന്നു. വീരഹനുമാനിൽനിന്നും ശക്തിയുടെ തരംഗങ്ങൾ പ്രസരിക്കുന്നു എന്നാൽ ശ്രീരാമനുമായി ലയിച്ചു ചേർന്ന ദാസഹനുമാനിൽനിന്നും ഭക്തിഭാവവും ചൈതന്യവും പ്രസരിക്കുന്നു.
D. പഞ്ചമുഖ ഹനുമാൻ (അഞ്ച് മുഖമുള്ള ഹനുമാൻ)
ഇത്തരം മൂർത്തികൾ വളരെയധികം കാണപ്പെടുന്നു. ഗരുഡൻ, വരാഹം, ഹയഗ്രീവൻ, നരസിംഹം, കപി എന്നിവയാകുന്നു ഹനുമാന്‍റെ അഞ്ചു മുഖങ്ങൾ. ഈ ദശഭുജ മൂർത്തിയുടെ കൈകളിൽ ധ്വജം, ഖഡ്ഗം, പാശം തുടങ്ങിയ ആയുധങ്ങൾ ഉണ്ടായിരിക്കും. പഞ്ചമുഖ ദേവതകളുടെ മറ്റൊരു അർഥം ഇങ്ങനെയാണ് – കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ നാലു ദിക്കുകളും ഊർധ്വദിക്കും കൂടി അഞ്ചു ദിശകളേയും ഈ ദേവൻ ശദ്ധ്രിക്കുന്നു. അതായത് ആ ദിക്കുകളുടെ ആധിപത്യം ഈ ദേവനുണ്ട്.
E. ദക്ഷിണമുഖ (വലത്തോട്ട് ദർശനമായിരിക്കുന്ന) ഹനുമാൻ

ദക്ഷിണം എന്ന വാക്ക് ’തെക്ക് ദിശ’, ’വലതു വശം’ എന്നീ രണ്ട് അർഥത്തിലും ഉപയോഗിക്കുന്നു.
തെക്കൊട്ട് ദർശനമായിരിക്കുന്നതിന്‍റെ ആന്തരാർഥം
തെക്കോട്ട് ദർശമനമെന്നാൽ വിഗ്രഹത്തിന്‍റെ മുഖം തെക്കോട്ട് ആയിരിക്കും. അതിനാൽ ഇതിനെ ദക്ഷിണമുഖ ഹനുമാൻ എന്നു പറയുന്നു.
വലത്തോട്ട് തിരിഞ്ഞിരിക്കുന്നതിന്‍റെ ആന്തരാർഥം
വലത്തോട്ട് ദർശനമെന്നാൽ ഹനുമാന്‍റെ മുഖം വലതു വശത്തേക്കായിരിക്കും. ദക്ഷിണമുഖ ഹനുമാന്‍റെ സൂര്യനാഡി ഉത്തേജിതമായിരിക്കും. സൂര്യനാഡി തേജസ്സ് ഉള്ളതും ശക്തിദായകവുമാണ്. (ഗണപതിയുടേയും ഹനുമാന്റേയും സുഷുമ്ന നാഡിയാണ് സദാസമയവും പ്രവർത്തിക്കുന്നത്; എന്നാൽ ഭാവം മാറിയാൽ സൂര്യനാഡി അല്ലെങ്കിൽ ചന്ദ്രനാഡി അല്പം പ്രവർത്തിക്കാൻ തുടങ്ങും). വലത്തോട്ടു ദർശനമായിരിക്കുന്ന ഹനുമാൻ വലതു വശത്തേക്കു വളഞ്ഞ തുന്പിക്കൈയുള്ള ഗണപതിയെപ്പോലെ വളരെ ശക്തിമാനാണ്. അനിഷ്ട ശക്തിയുടെ ബാധ മാറ്റാൻ വേണ്ടി ഈ ദേവനെ ഉപാസിക്കുന്നു.
F. വാമമുഖ (ഇടത്തോട്ട് ദർശനമായിരിക്കുന്ന) ഹനുമാൻ

വാമം എന്നാൽ ഇടതുവശം അഥവാ വടക്ക് ദിശ.
ഇടത്തോട്ട് ദർശനമായിരിക്കുന്നതിന്‍റെ ആന്തരാർഥം
വടക്കോട്ട് ദർശനമെന്നാൽ വിഗ്രഹത്തിന്‍റെ മുഖം വടക്കോട്ട് തിരിഞ്ഞിരിക്കും.
ഇടതു വശത്തേക്ക് തിരിഞ്ഞിരിക്കുന്നതിന്‍റെ ആന്തരാർഥം
വാമമുഖ ഹനുമാന്‍റെ മുഖം ഇടതു വശത്തേക്ക് തിരിഞ്ഞിരിക്കും. വാമമുഖ ഹനുമാന്‍റെ ചന്ദ്രനാഡി പ്രവർത്തനക്ഷമമായിരിക്കും. ചന്ദ്ര നാഡി കുളിർമയും ആനന്ദവും പകരുന്നു. അതുപോലെ വടക്ക് ദിശ അധ്യാത്മത്തിന് അനുയോജ്യമാണ്.
G. പതിനൊന്നു മുഖങ്ങളുള്ള ഹനുമാൻ
ഈ ഹനുമാന് ഇരുപത്തിരണ്ട് കൈകളും രണ്ടു കാലുകളുമുണ്ട്. (സൌരാഷ്ട്രയിൽ ഇതുപോലുള്ള ഹനുമാന്‍റെ വിഗ്രഹമുണ്ട്).